ദുബയില്‍ സൂപ്പര്‍ ലൈബ്രറി സ്ഥാപിക്കുന്നു

ദുബയ്: അറബ് രാജ്യങ്ങളിലെ ഏറ്റവും വലിയ ഗ്രന്ഥാലയം ദുബയില്‍ സ്ഥാപിക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്ന പേരിലുള്ള ലൈബ്രറിയില്‍ ഒരേ സമയം 2600 പേര്‍ക്ക് ഇരുന്നു വായിക്കാന്‍ കഴിയും. ഒരു കോടി ദിര്‍ഹം ചെലവിട്ടു നിര്‍മിക്കുന്ന ലൈബ്രറിയില്‍ 15 ലക്ഷം സാധാരണ പുസ്തകങ്ങളും 20 ലക്ഷം ഇലക്ട്രോണിക് പുസ്തങ്ങളും 10 ലക്ഷം ഓഡിയോ പുസ്തകങ്ങളും ഒരുക്കും.
ജിദ്ദാഫ് പ്രദേശത്ത് ദുബയ് കള്‍ച്ചറല്‍ വില്ലേജിനു സമീപം നിര്‍മിക്കുന്ന ലൈബ്രറി അടുത്ത വര്‍ഷം മുതല്‍ വായനക്കാര്‍ക്കായി തുറന്നു കൊടുക്കും. 10 ലക്ഷം ച. അടിയില്‍ നിര്‍മിക്കുന്ന ഈ സ്ഥാപനത്തില്‍ ഭരണാധികാരികളായ മക്തും കുടുംബത്തിന്റേതടക്കമുള്ള കരകൗശല വസ്തുക്കള്‍ ഉള്‍പ്പടെയുള്ള മ്യൂസിയവും ഉണ്ടായിരിക്കും. പാശ്ചാത്യ രാജ്യങ്ങളിലെ കുട്ടികള്‍ പ്രതിവര്‍ഷം മൂന്നു മണിക്കൂറിലധികം വായനയ്ക്കായി ചെലവിടുമ്പോള്‍ അറബ് രാജ്യങ്ങളിലെ കുട്ടികള്‍ 6 മിനിറ്റ് മാത്രമാണ് വായിക്കാന്‍ സമയം കണ്ടെത്തുന്നതെന്ന് 2012ല്‍ നടന്ന ഒരു പഠനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ വായനാശീലം ഉയര്‍ത്തിക്കൊണ്ടു വരാനും അവരെ ഈ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കാനുമായി നിരവധി ബാലസാഹിത്യ കൃതികളും ഈ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തും.
Next Story

RELATED STORIES

Share it