kozhikode local

ദീര്‍ഘദൂരം സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് പലതിനും പെര്‍മിറ്റില്ല

പയ്യോളി: പെര്‍മിറ്റില്ലാതെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. ഇത്തരത്തില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പയ്യോളി പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം വാഹനം തട്ടിയതുമായി ബന്ധപ്പെട്ട പരാതിയില്‍ തൃശൂര്‍ തലശ്ശേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വച്ച ബസ്സിന് ലിമിറ്റഡ് സ്‌റ്റോപ്പ് പെര്‍മിറ്റ് മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയത്. തൃശൂര്‍, കണ്ണൂര്‍ ബോര്‍ഡ് വച്ച ഈ ബസ്സിന് തലശ്ശേരി വരെ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് മാത്രമേയുള്ളൂ. പയ്യോളി സിഐ കെ സി സുഭാഷ് ബാബു ഇതു സംബന്ധിച്ച വ്യക്തത ആവശ്യപ്പെട്ട് വടകര അസി. ആര്‍ടിഒ യെ സമീപിച്ചതിന്റെ അടിസ്ഥാനത്തി ല്‍ ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിച്ചു.
അമിത ചാര്‍ജ് ഈടാക്കാ നും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കാനും ബസ്സുകളില്‍ പലതും ഫാസ്റ്റും, സൂപ്പര്‍ ഫാസ്റ്റും ബോര്‍ഡുകള്‍ വച്ച് സര്‍വീസ് നടത്തുകയാണ്.
തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യാത്ര നടത്തുന്ന ബസ്സുകളാണ് ഇത്തരത്തില്‍ പലതും. രാത്രി കാലങ്ങളില്‍ ഓഡിനറി ബസുകള്‍ കുറവായതിനാല്‍ ഇത്തരത്തിലുള്ള ബസ്സുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.
കുറഞ്ഞ ദൂരം യാത്ര ചെയ്താല്‍ പോലും ഇരട്ടിയോളം ചാര്‍ജാണ് ഈ ബസ്സുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.
നിരക്കുകള്‍ സംബന്ധിച്ച് അവ്യക്തത നില നില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ അമിത ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. 2015 മെയ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുക ള്‍ക്കുള്ള പെര്‍മിറ്റ് നല്‍കുന്നില്ല. ദീര്‍ഘദൂര റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തതോടെ ഇത്തരം ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടതാണ്.
Next Story

RELATED STORIES

Share it