ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാനാവില്ലെന്ന് കോടതി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നു സുപ്രിംകോടതി. ഒരിക്കലും നടപ്പാക്കാന്‍ സാധ്യമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കണമെന്ന് ഉത്തരവിട്ട് സമയംകളയാനില്ലെന്നു കോടതി വ്യക്തമാക്കി. എന്നാല്‍, രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ പടക്കം പൊട്ടിക്കരുതെന്ന 2005ലെ ഉത്തരവ് പാലിക്കണമെന്ന് കോടതി വീണ്ടും നിര്‍ദേശം നല്‍കി. പടക്കം പൊട്ടിക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളി.
തങ്ങളുടെ വീടുകള്‍ക്കു മുമ്പില്‍ പടക്കം പൊട്ടിക്കുന്നതു തടയാന്‍ കോടതിക്കാവില്ല. അതു തടയാന്‍ ശ്രമിച്ചാല്‍ ഇത് തങ്ങളുടെ അവകാശമാണെന്ന് അവര്‍ പറയും. നിരോധനം ഏര്‍പ്പെടുത്തിയാല്‍ അതു കലഹങ്ങള്‍ അടക്കമുള്ള അപകടകരമായ അവസ്ഥയ്ക്കിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. ദീപാവലിയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് വലിയ തോതില്‍ പരിസ്ഥിതി മലിനീകരണത്തിനും മാനുഷിക ദുരന്തങ്ങള്‍ക്കും കാരണമാവുന്നുവെന്ന് ഹരജിക്കാരായ അര്‍ജുന്‍ ഗോപാല്‍, ആരവ് ബാന്ദാരി, സോയ റാവു ഭാസിന്‍ എന്നിവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ ആഘോഷങ്ങളിലും പടക്കം പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പരിസ്ഥിതി മലിനീകരണത്തിന് ദീപാവലി പോലുള്ള ആഘോഷങ്ങള്‍ വലിയ തോതില്‍ കാരണമാവുന്നുവെന്നു പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പടക്ക നിര്‍മാതാക്കളുടെ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. പടക്ക വ്യവസായ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന് പടക്കനിര്‍മാതാക്കളുടെ സംഘടനകള്‍ കോടതിയെ അറിയിച്ചു.വിവിധ ഹൈന്ദവ സംഘടനകളും ഹരജിയെ എതിര്‍ത്തു. ദിപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരുന്നത് ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.
രണ്ടുമണിക്കൂര്‍ നേരത്തേക്കെങ്കിലും പടക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൂടേയെന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി അഭ്യര്‍ഥിച്ചു. എന്നാല്‍, ഇക്കാര്യവും കോടതി പരിഗണിച്ചില്ല. അതേസമയം, പടക്കങ്ങളുടെ ഉപയോഗംമൂലമുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനെ കോടതി ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it