ദിവ്യശക്തിയുള്ള താഴികക്കുടം; ലക്ഷങ്ങള്‍ തട്ടിയ പതിമൂന്നംഗ സംഘം പിടിയില്‍

എടപ്പാള്‍: അന്താരാഷ്ട്ര വിപണിയില്‍ 2500 കോടി രൂപ വിലയുണ്ടെന്നു പ്രചാരണം നടത്തി താഴികക്കുടം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പതിമൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. എടപ്പാളിലെ ഒരു ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ചായിരുന്നു സംഘത്തിലെ ആറു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയുള്‍പ്പെടെ ഏഴുപേരെ കൂടി പിടികൂടിയത്. നരിപ്പറമ്പ് സ്വദേശി കറുത്തേടത്ത് ജയപ്രകാശ് (43), ഇയാളുടെ ഭാര്യ ലത(24), ഒറ്റപ്പാലം പറളി സ്വദേശി അബ്ദുറഹ്മാന്‍ (43), പുറങ്ങ് വാഴവളപ്പില്‍ അബ്ദുല്‍ റഷീദ് (27), ഈഴുവത്തിരുത്തി മുക്കണത്തു പറമ്പില്‍ വിജയകുമാര്‍ (47), പാലക്കാട് കല്ലംപുള്ളി ഗായത്രി ഹൗസില്‍ പ്രേമചന്ദ്രന്‍ (38), വട്ടംകുളം സ്വദേശി അബ്ദുല്‍സലീം(39), കോലളമ്പ് പൊറോട്ടയില്‍ അഫ്‌സിദ്ദീന്‍ (38), ഒലവക്കോട് റഹിയ മന്‍സിലില്‍ നിസാര്‍ അഹ്മദ് (29), അന്‍വര്‍ റഷീദ് (30), മനോജ് (28), ചന്ദ്രന്‍, ചേന്നര സ്വദേശി മാനു (44) എന്നിവരാണു പിടിയിലായത്.
സംഭവം സംബന്ധിച്ച് പൊന്നാനി സിഐ രാധാകൃഷ്ണപ്പിള്ള പറയുന്നത് ഇങ്ങനെ. എടപ്പാളിലെ പട്ടാമ്പി റോഡിലുള്ള ടൂറിസ്റ്റ് ഹോമില്‍ താഴികക്കുടത്തിനു ദിവ്യശക്തിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ടൂറിസ്റ്റ് ഹോമില്‍ പരിശോധന നടത്തിയത്.
ഇറിഡിയം എന്ന ലോഹത്താല്‍ നിര്‍മിക്കപ്പെട്ട താഴികക്കുടമാണെന്നു തെറ്റിദ്ധരിപ്പിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു തട്ടിപ്പുസംഘം. ചെങ്ങന്നൂരിലെ മുത്തവല്ലി ക്ഷേത്രത്തിനു മുകളില്‍ മാത്രമേ ഇത്തരം താഴികക്കുടം നിലവിലുള്ളൂവെന്നും ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ കുടുംബത്തിന് സര്‍വവിധ ഐശ്വര്യവും ഉണ്ടാവുമെന്നും പറഞ്ഞ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇടപാടുകാര്‍ക്ക് വിശ്വാസം വരാനായി ഇതേപ്പറ്റി അറിയുന്ന ഒരു സയന്റിസ്റ്റിനെ വരുത്തി പരിശോധന നടത്തി ബോധ്യപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഈ താഴികക്കുടം കാണിച്ച് 45 ലക്ഷം രൂപ സംഘം ഇതിനകം തട്ടിയെടുത്തതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it