ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം: മന്ത്രി ഖദ്‌സെയെ പുറത്താക്കാന്‍ സമ്മര്‍ദ്ദം

മുംബൈ: അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏകനാഥ് ഖദ്‌സെയെ സഭയില്‍നിന്നു പുറത്താക്കാന്‍ മുറവിളി ശക്തമായി. ബിജെപിയിലെ ഒരു വിഭാഗം നേരത്തേ തന്നെ മന്ത്രിക്കെതിരായിട്ടുണ്ട്. സഖ്യകക്ഷിയായ ശിവസേനയും ഖദ്‌െസയുടെ രാജി ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്ക് ഖദ്‌സെ മറുപടി പറയണമെന്ന് ശിവസേനാ എംപി സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു. അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്ന വാഗ്ദാനം നല്‍കിയ കാര്യം അദ്ദേഹം ബിജെപിയെ ഓര്‍മിപ്പിച്ചു.
മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടന്‍ നിലപാട് വ്യക്തമാക്കണം. അധികാരത്തില്‍ വരുന്നതിനു മുമ്പ് അഴിമതിരഹിത ഭരണം ഉണ്ടാവുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍, ഒരു മന്ത്രിക്കെതിരേ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. ബിജെപി ധാര്‍മിക നിലവാരം പാലിക്കണം. ഖദ്‌സെ തെറ്റായി ഒന്നും ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം തുറന്നു പറയണം. ഖദ്‌സെയും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി സംസാരിച്ചാല്‍ ശിവസേന വിഷയത്തില്‍ നിലപാട് സ്വീകരിക്കും-റൗത്ത് പറഞ്ഞു.
എന്നാല്‍, ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ശിവസേന അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാവു സാഹബ് ദാന്‍വെ, ഖദ്‌സെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ആരോപണ പരമ്പരയാണ് ഖദ്‌സെയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി ചുരുങ്ങിയ വിലയ്ക്ക് ഭാര്യയുടെ പേരില്‍ കൈക്കലാക്കി എന്നാണാരോപണം. അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ വസതിയില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ സ്വീകരിച്ചുവെന്നാണ് മറ്റൊരാരോപണം.
2012 ഏപ്രിലില്‍ ഖദ്‌സെയുടെ ഭാര്യയാണ് ഭൂമി വാങ്ങിയത് എന്നാല്‍, 2014ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഖദ്‌സെ ഇക്കാര്യം കാണിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ വേണ്ടി വാങ്ങിയ ഭൂമി, താമസിക്കുന്നതിനായി ഏകപക്ഷീയമായി മാറ്റിയെന്നുമാണ് ആരോപണം.1990കളില്‍ ഖദ്‌സെ ശിവസേന-ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും കരാറുകള്‍ നല്‍കിയെന്നും ആരോപണമുണ്ട്.
ഖദ്‌സെയെ പുറത്താക്കി കേസെടുക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഖദ്‌സെയുടെ കാര്യത്തില്‍ ബിജെപി ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖദ്‌സെയെ സംബന്ധിച്ച റിപോര്‍ട്ട് ഷായ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണ് ഇപ്പോഴുള്ളത്. ഒന്നുകില്‍ ഖദ്‌സെയെ മന്ത്രി സഭയില്‍നിന്നു പുറത്താക്കുക അല്ലെങ്കില്‍ ചെറിയ വകുപ്പിലേക്ക് മാറ്റുക.
Next Story

RELATED STORIES

Share it