ദാവൂദിന് മാരകരോഗം; നിഷേധിച്ച് ഛോട്ടാ ഷക്കീല്‍

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം മാരക രോഗത്തെത്തുടര്‍ന്ന് കിടപ്പിലാണെന്നും വ്രണമായ കാലുകള്‍ മുറിച്ചുനീക്കേണ്ട സ്ഥിതിയിലാണെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അനുയായി ഛോട്ടാ ഷക്കീല്‍. ദാവൂദിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മുന്‍നിര നടത്തിപ്പുകാരനായ ഛോട്ടാ ഷക്കീല്‍ മാധ്യമ ഓഫിസുകളിലേക്കാണ് ഇതുസംബന്ധിച്ച് സന്ദേശമയച്ചത്. 'ഭായിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നുണയാണ്. ദാവൂദിന് സുഖമാണെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നുമാണ് ഛോട്ടാ ഷക്കീല്‍ ഫോണിലൂടെ അറിയിച്ചത്.
ദാവൂദ് ഇബ്രാഹിമിന് രോഗം മൂര്‍ച്ഛിച്ചു ചലിക്കാന്‍ കഴിയാതായെന്നും കാലുകള്‍ വ്രണം പഴുത്ത അവസ്ഥയില്‍ മുറിച്ചുനീക്കേണ്ട സ്ഥിതിയിലാണെന്നുമാണ് റിപോര്‍ട്ടുകള്‍ പ്രചരിച്ചത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണത്തില്‍ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ പ്രദേശത്ത് കഴിയുന്ന ദാവൂദിന്റെ വീടിനു സമീപം ഡോക്ടര്‍മാരുടെ വന്‍ പടയെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. കാലിലേക്ക് രക്തയോട്ടം നിലച്ചതാണു രോഗ കാരണമെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഛോട്ടാ ഷക്കീല്‍ അറിയിച്ച കാര്യങ്ങള്‍ വിശ്വാസയോഗ്യമാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പക്ഷം. അതേസമയം, ദാവൂദിന്റെ രോഗം ശരിയാണെങ്കില്‍ ഛോട്ടാ ഷക്കീല്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയാവുമെന്നു മുംബൈ അധോലോകത്തെക്കുറിച്ച് വര്‍ഷങ്ങളോളം അന്വേഷണം നടത്തിയ മുന്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഷംസര്‍ ഖാന്‍ പത്താന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it