ദാവൂദിനെതിരേ റോയും ഐബിയും ഛോട്ടാ രാജനെ ഉപയോഗപ്പെടുത്തി

ന്യൂഡല്‍ഹി /മുംബൈ: റോയും രഹസ്യന്വേഷണ ബ്യൂറോ(ഐബി)യും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനെതിരേ ഛോട്ടാ രാജനെ ഉപയോഗപ്പെടുത്തിയെന്നു വെളിപ്പെടുത്തല്‍. ഛോട്ടാ രാജനെ പിന്തുടര്‍ന്നിരുന്ന പേരു വെളിപ്പെടുത്താത്ത പോലിസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേപ്പാള്‍ എംഎല്‍എ ദില്‍ഷാദ് മിസ്‌റ ബേഗ്, ഖാലിദ് മസൂദ്, പര്‍വെസ് ടാന്‍സെ എന്നിവരുള്‍പ്പെടെയുള്ള ദാവൂദ് ഇബ്രാഹീമിന്റെ അണികളെയും ഐഎസ്‌ഐ ഉദ്യോഗസ്ഥരെയും ഇല്ലാതാക്കാന്‍ വേണ്ടിയാണ് രാജനെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചത്. ദാവൂദുമായി അടുത്ത ബന്ധമുണ്ടെന്നു സംശയിക്കുന്ന ഈസ്റ്റ്‌വെസ്റ്റ് എയര്‍ലൈന്‍സിലെ തക്കിയുദ്ദീന്‍ വാഹിദ് ഖാന്റെ കൊലയ്ക്കു പിന്നിലും രാജനായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ടായിരുന്നു. ദാവൂദ് സംഘത്തിലെ നേപ്പാള്‍ കേബിള്‍ ഓപറേറ്റര്‍ ജമീംഷായുടെ കൊലയ്ക്കു പിന്നിലും രാജന്റെ കൈയുണ്ടായിരുന്നു. ദാവൂദുമായി പിരിഞ്ഞശേഷം രാജ്യസ്‌നേഹിയായ ഹിന്ദുവെന്നായിരുന്നു രാജന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.
ഛോട്ടാ രാജന്‍ സംഘത്തിലെ വിക്കി മല്‍ഹോത്ര, മരിച്ച ഫരീദ് തനാഷ എന്നിവരെ കറാച്ചിയിലുള്ള ദാവൂദിനെ വധിക്കാനയച്ചത് 'റോ' ആയിരുന്നെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന അന്നത്തെ മുതിര്‍ന്ന ഐബി ഓഫിസറായിരുന്നു ഇതിന് മേല്‍നോട്ടം വഹിച്ചത്.
ഏറെക്കാലമായി അധോലോകവുമായി ബന്ധമില്ലാതെ യായിരുന്നു രാജന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അനുയായികളുമായി രാജനു സമ്പര്‍ക്കമുണ്ടായിരുന്നില്ല. പ്രതിനിധികള്‍ വഴിയായിരുന്നു ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. മോശമായ ആരോഗ്യസ്ഥിതിയും ഛോട്ടാ ഷക്കീലിന്റെ ഭീഷണിയും മൂലം രാജന്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിച്ചിരുന്നു. ഇതാണ് രാജന്‍ സ്വയം പിടികൊടുക്കുകയായിരുന്നെന്ന സംശയത്തിന് ബലം നല്‍കിയത്. 1998ല്‍ തായ്‌ലന്‍ഡില്‍ പിടിയിലായ രാജന്‍ ഒരു ദിവസം മാത്രമാണ് തടവില്‍ കിടന്നത്.
Next Story

RELATED STORIES

Share it