ദാബോല്‍ക്കര്‍ വധം: രണ്ടുപേര്‍ നിരീക്ഷണത്തില്‍

സ്വന്തം പ്രതിനിധി

മുംബൈ: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറുടെ വധവുമായി ബന്ധമുള്ളതായി സംശയിക്കുന്ന രണ്ടു സനാതന്‍ സന്‍സ്തഅംഗങ്ങള്‍ നിരീക്ഷണത്തിലാണെന്ന് സിബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ ഹാജരാക്കിയ സ്ഥിതിവിവര റിപോര്‍ട്ടിലാണ് രണ്ടു പേര്‍ നിരീക്ഷണത്തിലാണെന്ന് അറിയിച്ചത്.
ജസ്റ്റിസുമാരായ ആര്‍ വി മോറെ, ആര്‍ ജി കെറ്റ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാക്കിയ റിപോര്‍ട്ടില്‍ സംശയിക്കുന്ന രണ്ടാളുകളുടെ പേരുകളും സിബിഐ അഭിഭാഷക റബേക്ക ഗോണ്‍സാല്‍വെസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, 2009ലെ ഗോവ ബോംബ് സ്‌ഫോടനക്കേസില്‍ സംശയിക്കുന്ന സനാതന്‍ സന്‍സ്ത അംഗം രുദ്രാപാട്ടിലിന്റെ പങ്കിനെക്കുറിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. മരിച്ച ദാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരയുടെയും കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സമര്‍പ്പിച്ച നിരവധി ഹരജികള്‍ കോടതിയില്‍ വിചാരണയിലാണ്. രണ്ടു കേസുകളും പരസ്പരം ബന്ധപ്പെട്ടതാണെന്നും അന്വേഷണ ഏജന്‍സികള്‍ രണ്ടും ഒരുമിച്ച് അന്വേഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പാന്‍സാരെ കേസന്വേഷിക്കുന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടാണ് സിബിഐയുടേതിനെക്കാള്‍ കൂടുതല്‍ തൃപ്തികരമെന്നും സിബിഐയുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ജീവനക്കാരുടെ കുറവ്‌കൊണ്ടാണെന്നും കോടതി പറഞ്ഞു. നവംബര്‍ 30ന് പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടു ഏജന്‍സികളോടും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it