ദാദ്രി; മോദിയുടെ പ്രതികരണം വര്‍ഗീയശക്തികള്‍ക്ക് മൗനാനുവാദം നല്‍കുന്നതെന്ന് സുധീരന്‍

തിരുവനന്തപുരം: ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം വര്‍ഗീയ, ഫാഷിസ്റ്റ് ശക്തികള്‍ക്കു മൗനാനുവാദം നല്‍കുന്ന രീതിയിലാണെന്നു കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ കുറെ ആഴ്ചകളായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങളെ അപലപിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

ഇതു ദുരൂഹമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ പ്രധാനമന്ത്രി തയ്യാറാവണം. ജനങ്ങളില്‍ ആശങ്ക പരത്തി രാജ്യത്ത് വര്‍ഗീയസംഘട്ടനങ്ങളുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിനു കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിഷയത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച അധ്യാപിക ദീപാ നിഷാന്തിനെതിരേ നടപടിയെടുക്കാനൊരുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെയും സുധീരന്‍ വിമര്‍ശിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.

ഇതു തടയാന്‍ ആര്‍ക്കും കഴിയില്ല. ബീഫ്‌ഫെസ്റ്റ് നടത്തുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജനചര്‍ച്ചകള്‍ എല്ലാ ജില്ലാതലങ്ങളിലും പുരോഗമിക്കുകയാണ്. മുന്‍കാലത്തില്ലാത്തവിധം ഐക്യത്തോടെയാണ് പാര്‍ട്ടിയും മുന്നണിയും പ്രവര്‍ത്തിക്കുന്നത്. വി ഡി സതീശന്‍ കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it