ദാദ്രി: പ്രതികളില്‍ ബി.ജെ.പി. നേതാവിന്റെ ബന്ധുക്കളും

ദാദ്രി (യു.പി): പശുവിറച്ചി തിന്നെന്നാരോപിച്ച് മുസ്‌ലിം കുടുംബത്തെ ആക്രമിക്കുകയും ഗൃഹനാഥനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോലിസ് എഫ്. ഐ.ആറില്‍ പ്രതിചേര്‍ക്കപ്പെട്ട 10 യുവാക്കളില്‍ ഏഴുപേരും ബി.ജെ.പി. ജില്ലാ നേതാവിന്റെ ബന്ധുക്കള്‍.ബി.ജെ.പി. ജില്ലാ നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ ഉള്‍പ്പെടെ 10 യുവാക്കളടക്കം 11 പേര്‍ക്കെതിരേയാണു സംഭവവുമായി ബന്ധപ്പെട്ട് യു. പി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏഴു യുവാക്കളും റാണയുടെ ബന്ധുക്കളാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതുകൂടാതെ അറസ്റ്റിലായ ഹോംഗാര്‍ഡ് വിനയും സഞ്ജീവ് റാണയുടെ ബന്ധുവാണെന്ന് വിനയുടെ പിതാവ് മഹേഷ് കഴിഞ്ഞ ദിവസം പറഞ്ഞു. 18 വയസ്സിനും 24 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ 10 യുവാക്കളും. ഇവരെല്ലാം തന്നെ ബിഷാദയി ല്‍നിന്നുള്ളവരാണ്.മകന്‍ വിശാല്‍, ഹോംഗാര്‍ഡ് വിനയ് എന്നിവരെ കൂടാതെ സൗരവ്, ഗൗരവ് (ഇരുവരും സഹോദരങ്ങള്‍), വിവേക്, സച്ചിന്‍ (ഇരുവരും സഹോദരങ്ങള്‍), സന്ദീപ്, ശിവം എന്നിവരും തന്റെ ബന്ധുക്കളാണെന്ന് റാണ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.രൂപേന്ദ്ര, ഹരി ഓം, ശ്രീ ഓം എന്നിവരാണ് പ്രതിചേര്‍ക്കപ്പെട്ട ബാക്കി മൂന്നുപേര്‍. ഇതില്‍ ഹരിയും ശ്രീയും സഹോദരങ്ങളാണ്.

11 പേരില്‍ ഒമ്പതുപേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സച്ചിന്‍, ഹരി ഓം എന്നിവര്‍ ഒളിവിലാണ്.അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരും സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് അഖ്‌ലാഖിന്റെ മകള്‍ പോലിസിനോട് പറഞ്ഞിരുന്നു. അക്രമത്തില്‍ പങ്കെടുത്തെന്ന് അഖ്‌ലാഖിന്റെ ഭാര്യ മൊഴികൊടുത്ത വിശാല്‍, ശിവം എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തു.എന്നാല്‍, താന്‍ സംഭവവുമായി ബന്ധപ്പെട്ട് പോലിസിനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതുകൊണ്ടാണ് തന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തതെന്ന് റാണ പറഞ്ഞു.

തന്റെ മകനെയും ബന്ധുക്കളായ മറ്റു യുവാക്കളെയും പ്രതിചേര്‍ത്തതെന്തിനാണെന്ന് അറിയില്ലെന്ന് ശിവയുടെ പിതാവ് മുകേഷ് പറഞ്ഞു. അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ തന്റെ മകന് പങ്കില്ലെന്ന് അറസ്റ്റിലായ ഹോംഗാര്‍ഡ് വിനയിന്റെ പിതാവ് മഹേഷും പറഞ്ഞു.
Next Story

RELATED STORIES

Share it