ദാദ്രി കൊലപാതകം; രണ്ടു പ്രധാന പ്രതികള്‍ അറസ്റ്റില്‍

ദാദ്രി: ഉത്തര്‍പ്രദേശില്‍ പശുവിറച്ചി തിന്നെന്നാരോപിച്ചു ജനക്കൂട്ടം വീടാക്രമിക്കുകയും ഗൃഹനാഥനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രധാനപ്പെട്ട രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.വിശാല്‍ റാണ, ശിവം കുമാര്‍ എന്നിവരെയാണ് ഇന്നലെ യു.പി. പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.സംഭവത്തില്‍ വിശാലിനു പ്രധാന പങ്കുണ്ടെന്നു കരുതുന്നതായി പോലിസ് സൂചിപ്പിച്ചു.

വീടാക്രമിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതില്‍ വിശാലിനു നിര്‍ണായക പങ്കുള്ളതായി പോലിസ് കരുതുന്നു. അതിനിടെ, അറസ്റ്റിലായവരുടെ ബന്ധുക്കള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ് അറിയിച്ചു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തുടരുന്ന മൗനത്തെ കോണ്‍ഗ്രസ്സും ആം ആദ്മിയും ഇന്നലെ വിമര്‍ശിച്ചു.നിരവധി രാഷ്ട്രീയ നേതാക്കള്‍ ദാദ്രി സന്ദര്‍ശിച്ചതായും എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണെന്നും ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.സംഭവത്തില്‍ നരേന്ദ്ര മോദി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ അഖ്‌ലാഖിന്റെ വീട് സന്ദര്‍ശിച്ചു.

അതിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്നലെ ബിസാറയില്‍ സന്ദര്‍ശനം നടത്തി.ഇന്നലെ ദാദ്രി സന്ദര്‍ശിക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമം ആദ്യം സുരക്ഷാ കാരണങ്ങളാല്‍ കുറച്ചുസമയം പോലിസ് തടഞ്ഞിരുന്നു. ദാദ്രി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് താന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിക്കുകയാണെന്നും എന്നാല്‍ തന്റെ രാഷ്ട്രീയം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയുമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. അവരുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍‘അവര്‍’ആരാണെന്നു ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

അതിനിടെ, ഇന്നലെ പ്രദേശത്തു മാധ്യമപ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. അരവിന്ദ് കെജ്‌രിവാളിന്റെ സന്ദര്‍ശനം റിപോര്‍ട്ട് ചെയ്യാനെത്തിയ എന്‍. ഡി.ടി.വിയുടെ വാഹനം തകര്‍ക്കപ്പെടുകയും ഒരു മാധ്യമപ്രവ ര്‍ത്തകനു പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെയും പുറത്തുനിന്ന് വന്നവര്‍ക്കുനേരെ ഒരുകൂട്ടം സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും നിരന്തരം വരുന്നതു കാരണം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നായിരുന്നു സ്ത്രീകളുടെ ആരോപണം.തിങ്കളാഴ്ച രാത്രിയാണു പശുവിറച്ചി തിന്നെന്നാരോപിച്ചു ഡല്‍ഹിക്കടുത്തുള്ള യു.പി. ഗ്രാമമായ ബിസാറയില്‍ ഒരുസംഘം ആള്‍ക്കാര്‍ അമ്പതു വയസ്സുള്ള അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊന്നത്.
Next Story

RELATED STORIES

Share it