ദാദ്രി: കണ്ടെടുത്തത് ആട്ടിറച്ചിയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍നിന്നു കണ്ടെടുത്തത് ആട്ടിറച്ചിയാണെന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ റിപോര്‍ട്ട്. കഴിഞ്ഞ സപ്തംബര്‍ 28നാണ് ബിഷാര്‍ ഗ്രാമത്തിലെ ദാദ്രിയില്‍ മാട്ടിറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ഇളയ മകന്‍ ദാനിഷിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
പ്രാഥമിക പരിശോധനയില്‍നിന്ന് കണ്ടെടുത്തത് ആട്ടിറച്ചിയാണെന്നു വ്യക്തമായിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി മഥുരയിലെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണെന്ന് മൃഗസംരക്ഷണ ഓഫിസര്‍ റിപോര്‍ട്ടില്‍ പറഞ്ഞു. കേസില്‍ കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പിച്ചിരുന്നു. 15 പേരെ പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും മരുമകന്‍ ശിവംറാണയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ രണ്ടുപേരുമാണ് മാട്ടിറച്ചി കഴിച്ചെന്ന് കുപ്രചാരണം നടത്തി അക്രമത്തിന് നേതൃത്വം നല്‍കിയത്.
ബന്ധുക്കള്‍ നല്‍കിയ ആട്ടിറച്ചിയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച അഖ്‌ലാഖിന്റെ മൂത്തമകനും ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായ സര്‍താജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഇനി രാജ്യത്തുണ്ടാവരുതെന്നാണ് തന്റെ അപേക്ഷയെന്നും സര്‍താജ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it