ദാദ്രി ആക്രമണം ആസൂത്രിതം 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി തിന്നെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം കുടുംബത്തെ ആക്രമിക്കുകയും ഗൃഹനാഥനെ കൊല്ലപ്പെടുത്തുകയും ചെയ്ത സംഭവം ആസൂത്രിതമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷനു വേണ്ടി ചെയര്‍പേഴ്‌സണ്‍ നസീം അഹ്മദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ദാദ്രിയിലെ ബിസാദ ഗ്രാമം സന്ദര്‍ശിച്ചത്.

സംഭവത്തിനു ശേഷം ഹിന്ദുത്വ നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനകള്‍ ആശങ്കാജനകമാണെന്നും ഇത് വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കിയെന്നും റിപോര്‍ട്ട് പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഗ്രാമത്തിലെ പലരും പറയുന്നത് അമ്പലത്തിലെ ലൗഡ് സ്പീക്കറില്‍ നിന്ന് അനൗണ്‍സ്‌മെന്റ് ഉണ്ടാകുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നെന്നാണ്. എന്നാല്‍, മിനിറ്റുകള്‍ക്കകം വലിയ ജനക്കൂട്ടം അവിടെ ഒത്തുചേര്‍ന്നു. ഇതു കാണിക്കുന്നത് ആസൂത്രണം നേരത്തേ ഉണ്ടായിരുന്നു എന്നാണ്- റിപോര്‍ട്ട് പറയുന്നു. കമ്മീഷനു ലഭിച്ച വസ്തുതകള്‍ സംശയലേശമന്യേ ചൂണ്ടിക്കാണിക്കുന്നത് മൊത്തം സംഭവം ആസൂത്രണത്തിന്റെ ഫലമാണെന്നാണ്. അമ്പലം പോലുള്ള പവിത്രമായ സ്ഥലം ഉപയോഗിച്ച് ഒരു കുടുംബത്തെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
സംഭവം യാദൃച്ഛികമാണെന്ന അധികാരത്തിലിരിക്കുന്ന ചിലരുടെ അഭിപ്രായ പ്രകടനം യഥാര്‍ഥ ഗൗരവം കുറച്ചുകാണിക്കുന്നതാണ്. മുഴുവന്‍ രാഷ്ട്രീയ സംഘടനകളും നിരുത്തരവാദപരമായ പ്രസ്താവനകളില്‍ നിന്നു പിന്‍മാറണമെന്നും ഇത്തരം നിഷ്ഠുര കൃത്യങ്ങളില്‍ നിന്നു ലാഭമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും റിപോര്‍ട്ടില്‍ കമ്മീഷന്‍ പറയുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ സദാചാര പോലിസിന്റെ ശല്യം വ്യാപിക്കുകയാണെന്നു പറയുന്ന റിപോര്‍ട്ട്, സാമുദായിക വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണമെന്നും നിര്‍ദേശിക്കുന്നു.
അതിനിടെ, മുസ്‌ലിംകളുടെ പൗരത്വപരമായ അവകാശങ്ങള്‍ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയും നിഷേധിക്കപ്പെടുകയുമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഫരീദ അബ്ദുല്ല ഖാന്‍, കമ്മീഷന്റെ ദാദ്രി അന്വേഷണ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it