ദാദാബ് ക്യാംപിലെ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് സോമാലിയ

നയ്‌റോബി: കെനിയയിലെ ദാദാബ് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ തയ്യാറെന്ന് സോമാലിയ. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്തയുമായി കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സോമാലിയന്‍ പ്രസിഡന്റ് ഹസ്സന്‍ ശെയ്ഖ് മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
കെനിയന്‍ സര്‍ക്കാര്‍ ക്യാംപ് അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുകയാണ്. ക്യാംപില്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച പ്രസിഡന്റ് നിങ്ങളെ ഏറ്റെടുക്കാന്‍ സോമാലിയ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നു അറിയിച്ചു. രാജ്യത്തെ സമാധാനപ്രക്രിയയിലും രാഷ്ട്രപുനരുദ്ധാരണത്തിനും നിങ്ങളും ഭാഗമാവണമെന്ന് അദ്ദേഹം അഭയാര്‍ഥികളോടു ആവശ്യപ്പെട്ടു. സോമാലിയയില്‍ ആഭ്യന്തരയുദ്ധവും വരള്‍ച്ചയും രൂക്ഷമായ 1991ല്‍ കെനിയയിലേക്ക് കുടിയേറിയവരാണ് ക്യാംപില്‍ കഴിയുന്നത്. കഴിഞ്ഞ 25 വര്‍ഷമായി അവര്‍ ക്യാംപില്‍ തുടരുകയാണ്. സായുധപ്രവര്‍ത്തകരുടെ കേന്ദ്രമാകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് ക്യാംപ് അടച്ചുപൂട്ടുന്നതായി കെനിയ പ്രഖ്യാപിച്ചത്.
25 വര്‍ഷത്തോളമായി സോമാലിയന്‍ പൗരന്മാരെ കെനിയ സംരക്ഷിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങള്‍ അവര്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിന് നന്ദിയറിയിക്കുന്നു. ഇത് ചരിത്രമുഹൂര്‍ത്തമാണ്.
സോമാലിയയും കെനിയയും സൗഹൃദബന്ധം തുടരും- മുഹമ്മദ് പറഞ്ഞു. അഭയാര്‍ഥികളെ സോമാലിയയിലേക്ക് മാറ്റുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമായി സംഘം രൂപീകരിക്കേണ്ടതുണ്ടെന്നും കഴിയുന്നത്ര വേഗം അവരെ തിരിച്ചയക്കുമെന്നും കെനിയാത്ത അറിയിച്ചു.
Next Story

RELATED STORIES

Share it