ദശാബ്ദങ്ങള്‍ നീണ്ട വിലക്കിന് അറുതി: ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം

അഹ്മദ് നഗര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ക്ഷേത്ര ഭരണാധികാരികള്‍ അനുമതി നല്‍കി. അനുകൂലമായ കോടതി വിധിയുണ്ടായിട്ടും സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തയ്യാറായിരുന്നില്ല. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും ക്ഷേത്രപ്രവേശനം അവരുടെ മൗലികാവകാശമാണെന്നും ഈ മാസം ഒന്നിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വനിതാ സന്നദ്ധ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നിരവധി തവണ സ്ത്രീകള്‍ ക്ഷേത്ര പ്രവേശനത്തിനൊരുങ്ങിയെങ്കിലും ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും അവരെ തടയുകയായിരുന്നു കോടതിവിധി നടപ്പാക്കാതിരിക്കാന്‍ ക്ഷേത്രത്തിലേക്ക് പുരുഷന്‍മാരേയും ഭാരവാഹികള്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഹൈക്കോടതി വിധിയെ മാനിച്ച് ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേത്രം ട്രസ്റ്റി സായറാം ബങ്കര്‍ അറിയിച്ചു.
ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ലിംഗ സമത്വം അനുവദിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് വക്താവ് ഹരിദാസ് ഗെയ്‌വാലെയും പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് സ്വാഗതം ചെയ്തു.
ദീര്‍ഘകാലമായി ലിംഗ വിവേചനത്തിനെതിരേ നടന്ന പ്രക്ഷോഭത്തിന്റെ വിജയമാണിതെന്ന് അവര്‍ പറഞ്ഞു. നാസിക്കിലെ തൃംബകേശ്വര്‍, കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രങ്ങളിലെ ട്രസ്റ്റുകളും സമാനമായ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
250ല്‍പരം ഭക്തര്‍ ഇന്നലെ ആരാധനയ്ക്കായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പിന്നീടാണ് ക്ഷേത്ര ഭാരവാഹികള്‍ യോഗം ചേര്‍ന്ന് എല്ലാവരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഭാരവാഹികളുടെ തീരുമാനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it