ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തെരുവില്‍ കഴിയുന്നതായി യുഎന്‍

ജനീവ: പുനരധിവാസ കേന്ദ്രങ്ങള്‍ക്കുള്ള ഫണ്ടിന്റെ അപര്യാപ്തത കാരണം ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തെരുവില്‍ കഴിയുന്നതായി യുഎന്‍. അഭയാര്‍ഥികള്‍ക്കു താമസസൗകര്യം ഒരുക്കുന്നതിനായി 50 കോടി ഡോളര്‍ ആവശ്യമാണെന്നും ഇതിനായി സ്വകാര്യമേഖലയുടെ സഹായം തേടുന്നതായും 'ആരും പുറത്താവരുത്' എന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയില്‍ യുഎന്‍ അറിയിച്ചു. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ലോകരാജ്യങ്ങളില്‍ നിന്നു വലിയ സഹായം ലഭിക്കേണ്ടത് അനിവാര്യമാണ്.
യുദ്ധത്തെത്തുടര്‍ന്നും ആഭ്യന്തരപ്രതിസന്ധികളെത്തുടര്‍ന്നും പലായനം ചെയ്യേണ്ടിവന്നവര്‍ ഭവനരഹിതരായി തുടരുന്ന അവസ്ഥ ഒഴിവാക്കാന്‍ വന്‍ സാമ്പത്തിക സഹായം ആവശ്യമുണ്ട്. 2018ഓടെ രണ്ടു കോടിയോളം അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വാസസ്ഥലം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതിയെന്നും യുഎന്‍ അഭയാര്‍ഥി വിഭാഗം(യുഎന്‍എച്ച്‌സിആര്‍) അറിയിച്ചു. പ്രതിവര്‍ഷം 70,000 ടെന്റുകളും 20 ലക്ഷത്തോളം ടാര്‍പോളിന്‍ ഷീറ്റുകളുമാണ് അഭയാര്‍ഥി ക്യാംപുകള്‍ നിര്‍മിക്കുന്നതിനായി യുഎന്‍എച്ച്‌സിആര്‍ വാങ്ങുന്നത്.
728 ദശലക്ഷം ഡോളറാണ് ഇതിനായി ഈ വര്‍ഷം ആവശ്യം വരുന്ന തുക. എന്നാല്‍, 158 ദശലക്ഷം ഡോളര്‍ മാത്രമാണ് ഈ ആവശ്യത്തിനായി നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it