ദലിത് വിരുദ്ധ പരാമര്‍ശം; മന്ത്രി വി കെ സിങിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രണ്ട് ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തില്‍ വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി കെ സിങിനെതിരേ കേസെടുക്കണമെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിക്കും ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്. 10 ദിവസത്തിനകം നടപടി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ പറഞ്ഞു.
ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രസര്‍ക്കാരല്ല ഉത്തരവാദിയെന്നാണ് വി കെ സിങ് ഗാസിയാബാദില്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി പ്രതിനിധിസംഘം കമ്മീഷന് പരാതി നല്‍കിയശേഷമാണു സിങിനെതിരേ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കേസെടുക്കാന്‍ ഗാസിയാബാദ് എഎസ്പിക്കും നിര്‍ദേശം നല്‍കി.
ഡിജിപിയോടും പോലിസ് സൂപ്രണ്ടിനോടും നവംബര്‍ രണ്ടിന് കമ്മീഷന് മുമ്പില്‍ നേരിട്ട് ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ദലിത് കുടുംബത്തെ മാത്രമല്ല, ദലിത് സമൂഹത്തെ മൊത്തം അവഹേളിച്ചതായി പുനിയ അഭിപ്രായപ്പെട്ടു. സിങിന്റെ പ്രസ്താവനയെ എല്ലാ കക്ഷികളും അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദലിത് സമൂഹത്തെ പട്ടിയോട് ഉപമിച്ച മന്ത്രി വി കെ സിങിനെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ലഖ്‌നോയില്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ക്കു സ്മാരകം പണിയുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വോട്ടുനേടാനുള്ള തന്ത്രം മാത്രമാണെന്നും അവര്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്ര, ഹരിയാന സര്‍ക്കാരുകളുടെയും ദലിത് വിരുദ്ധ മനോഭാവമാണ് ഹരിയാനയില്‍ പ്രതിഫലിച്ചതെന്നു മുന്‍ കേന്ദ്രമന്ത്രി സെല്‍ജ ആരോപിച്ചു.
Next Story

RELATED STORIES

Share it