ദലിത് വിദ്യാര്‍ഥി പ്രശ്‌നം; എച്ച്‌സിയുവിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

ഹൈദരാബാദ്/മുംബൈ: ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും മാര്‍ച്ച് നടത്തി. സംയുക്ത സമരസമിതിയുടെ 'ചലോ എച്ച്‌സിയു' പരിപാടിക്കു പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ ഹൈദരാബാദിലെത്തിയത്. കാംപസിനു ചുറ്റും വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിരുന്നു.
വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കുകയും ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളില്‍ ആത്മഹത്യ ചെയ്യുന്നതു തടയുന്നതിന് 'രോഹിത് നിയമം' കൊണ്ടുവരുകയും ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. വിദ്യാര്‍ഥികളും ദലിത് അധ്യാപക സംഘടനകളും വിസിയുടെ ചുമതല വിപിന്‍ ശ്രീവാസ്തവയ്ക്കു നല്‍കിയതിനെ എതിര്‍ത്തു. ആത്മഹത്യ ചെയ്ത രോഹിതിനെതിരേ നടപടിക്കു ശുപാര്‍ശ ചെയ്ത സമിതിയുടെ അധ്യക്ഷനായിരുന്നു വിപിന്‍ ശ്രീവാസ്തവ. മാത്രമല്ല, 2008ല്‍ മറ്റൊരു ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കു പിന്നിലും ഇയാളാണെന്നും അവര്‍ ആരോപിച്ചു. ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ കഴിഞ്ഞ ദിവസം കാംപസ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ കാംപസിലേക്കു മാര്‍ച്ച് നടത്തിയവരില്‍ കോഴിക്കോട്, പോണ്ടിച്ചേരി, ഉസ്മാനിയ, മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമുണ്ടായിരുന്നു. രണ്ടാമത്തെ വിദ്യാര്‍ഥി സംഘത്തിന്റെ നിരാഹാരസമരം രണ്ടാംദിവസവും തുടര്‍ന്നു.
നാലു വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി സര്‍വകലാശാലാ അഭിഭാഷകന്‍ ഹൈദരാബാദ് ഹൈക്കോടതിയെ അറിയിച്ചു. സസ്‌പെന്‍ഷനെ ചോദ്യം ചെയ്ത നാലു വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍വകലാശാല അധികൃതര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍വകലാശാലയോട് നിര്‍ദേശിച്ചു.
അതേസമയം, ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുംബൈയിലെ ധാരാവിയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ 12 പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് പറഞ്ഞു. കല്ലും വടിയുമുപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തവരെ ആക്രമിക്കുകയായിരുന്നുവെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ത്രീകളടങ്ങിയ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ക്കെതിരേ ദലിത് പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്‍ ആവശ്യപ്പട്ടു.
27ന് ദേശീയ തലത്തില്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ അപ്പാറാവു അവധിയില്‍ പ്രവേശിച്ചതിനെതുടര്‍ന്ന് ചുമതല ഏറ്റെടുത്ത പ്രഫ. ശ്രീവാസ്തവയെ അംഗീകരിക്കുകയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ബന്ദ് നടത്താനും ആലോചിക്കുന്നതായി സംയുക്ത സമരസമിതി അറിയിച്ചു.
അതിനിടെ, നിരാഹാര സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളോട് വിസിയുടെ ചുമതലയിലുള്ള ശ്രീവാസ്തവ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it