ദലിത് വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കാന്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍; മൂന്ന് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി/ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി അശോക്കുമാര്‍ രൂപന്‍ വാളിനെ നിയമിച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായാണ് നിയമനം. മൂന്ന് മാസത്തിനുള്ളില്‍ റിപോ ര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതിനിടെ സര്‍വകലാശാലയിലെ മൂന്ന് അധ്യാപകര്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ പുറത്താക്കണമെന്നും വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന വിപിന്‍ ശ്രീവാസ്തവയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി. നിരാഹാര സമരം നടത്തുന്ന രണ്ടാമത്തെ വിദ്യാര്‍ഥി സംഘത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്.

ഉസ്മാനിയ സര്‍വകലാശാലയിലെ ഒരധ്യാപകനും സമരത്തില്‍ പങ്കുചേര്‍ന്നു.ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും കൂടുതല്‍ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.അതേസമയം, രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഹൈദരാബാദ് സന്ദര്‍ശിക്കുവാന്‍ സാധ്യതയുണ്ട്.

ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ വിവേചനം നടക്കുന്ന ചെന്നൈ ഐഐടിയിലും ഹൈദരാബാദ് സര്‍വകലാശാലയിലും സന്ദര്‍ശനം നടത്തുന്നതിന് അനുവാദം ചോദിച്ച് ലോക്‌സഭാ സ്പീക്കറെ കാണാന്‍ പട്ടികജാതി/വര്‍ഗ ക്ഷേമത്തിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ബുധനാഴ്ച തീരുമാനിച്ചു. ബിജെപി അംഗം ഫാഗ്ഗന്‍ സിങാണ് ഈ സമിതിയുടെ അധ്യക്ഷന്‍. ബിഎസ്എന്‍എല്‍, പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സംവരണനയം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു സമിതി യോഗം ചേര്‍ന്നത്. എന്നാല്‍ ഈ രണ്ട് വകുപ്പുകളിലേയും സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പ്രധാന അജണ്ട മാറ്റി വച്ച സാഹചര്യത്തിലാണ് രോഹിത് വെമുലയുടെ പ്രശ്‌നം സമിതി ചര്‍ച്ച ചെയ്തത്.സംയുക്ത പാര്‍ലമെന്ററി സമിതിയെ അവഗണിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയും സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്താനാണ് സമിതിയുടെ നീക്കം.
Next Story

RELATED STORIES

Share it