ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: വൈസ് ചാന്‍സലര്‍ക്കെതിരേ പ്രേരണക്കുറ്റം കേന്ദ്രമന്ത്രിക്കെതിരേ കേസ്

ഹൈദരാബാദ്/ ന്യൂഡല്‍ഹി : ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രമന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കുമെതിരേ കേസ്. കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പാറാവു പോദിലെ എന്നിവര്‍ക്കെതിരേയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പട്ടികജാതി-വര്‍ഗനിയമ പ്രകാരവും കേസെടുത്തത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയും സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയുമായ രോഹിത് വെമുല (26) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ രോഹിത് ഉള്‍പ്പെടെ അഞ്ചു പേരെ സര്‍വകലാശാല കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. മന്ത്രി ദത്താത്രേയ മാനവ വിഭവശേഷി മന്ത്രാലയത്തിനു നല്‍കിയ പരാതി പ്രകാരമാണ് സസ്‌പെന്‍ഷനെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നെങ്കിലും അന്വേഷണം നടന്നുവരുകയായിരുന്നു. ശേഷം എബിവിപി നേതാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് ഈ അഞ്ചു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ സര്‍വകലാശാലയ്ക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സസ്‌പെന്‍ഷന്‍ ജനാധിപത്യവിരുദ്ധമാണെന്നും ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സര്‍വകലാശാലാ വളപ്പിലെ താല്‍ക്കാലിക ഷെഡില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്നത് 'സാമൂഹിക ഭ്രഷ്ട്' കല്‍പിക്കലാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രശ്‌നം അന്വേഷിച്ച സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഉപസമിതി ക്ലാസ്മുറിയിലും പഠനസംബന്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വര്‍ക്‌ഷോപ്പിലും പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നു ശുപാര്‍ശ നല്‍കി. ശേഷമാണ് ഞായറാഴ്ച രോഹിതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചു. പ്രതിഷേധത്തിനിടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ സി വി ആനന്ദ് അറിയിച്ചു. അന്വേഷിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം രണ്ടംഗ സംഘത്തെ നിയോഗിച്ചു. പ്രത്യേക ഉദ്യോഗസ്ഥ ഷക്കീല ടി ഷംസു, ഡെപ്യൂട്ടി സെക്രട്ടറി സൂരത് സിങ് എന്നിവരാണ് സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it