ദലിത് വിദ്യാര്‍ഥിനിക്കെതിരായ എസ്എഫ്‌ഐ അതിക്രമം: വനിതാ കമ്മീഷന്‍ ഇടപെടും

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ദലിത് വിദ്യാര്‍ഥിനിക്കെതിരായ എസ്എഫ്‌ഐ അതിക്രമം സബന്ധിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടും. കേസില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു. കേരളത്തില്‍ നടന്ന ദലിത് വിദ്യാര്‍ഥിനിക്കെതിരായ പീഡനം സംബന്ധിച്ച വസ്തുതകള്‍ നേരിട്ടു മനസ്സിലാക്കുന്നതിന് വനിതാ കമ്മീഷന്‍ പ്രത്യേക സംഘത്തെ അയക്കുമെന്നും ലളിത കുമാരമംഗലം അറിയിച്ചു.
കേസില്‍ പോലിസ് നടപടികള്‍ വൈകുന്നതിനെതിരേ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളാ ഡിജിപി ടി പി സെന്‍കുമാറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനകം പോലിസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിക്കും. ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം അടുത്താഴ്ച കേരളത്തിലെത്തും. വളരെ ഗുരുതരമായ സംഭവമാണ് തൃപ്പൂണിത്തുറയില്‍ നടന്നതെന്നും പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലളിത കുമാരമംഗലം അറിയിച്ചു.
എസ്എഫ്‌ഐ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലെ പ്രതികളെ രക്ഷിക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ദേശീയ വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം ഇന്നലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലത്തെ കണ്ടു.
Next Story

RELATED STORIES

Share it