thrissur local

ദലിത് വിദ്യാര്‍ഥിക്ക് പോലിസ് മര്‍ദ്ദനം: പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ല

വാടാനപ്പള്ളി: ദലിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലിസ് കേസെടുത്തില്ല. വാടാനപ്പള്ളി ചക്കാമഠത്തില്‍ ക്ഷേത്രത്തിന് സമീപം കൊടുവത്ത് പറമ്പില്‍ രാജിന്റെ മകന്‍ എബിരാക്ഷ(16)നെ മര്‍ദ്ദിച്ച സംഭവത്തിലാണ് പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ പോലും തയ്യാറാകാത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് എബിരാക്ഷനെ വാടാനപ്പള്ളി പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എസ്എല്‍സി പരീക്ഷക്ക് മുന്നോടിയായി ട്യൂഷന്‍ സെന്ററില്‍ നടന്ന രാത്രികാല പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടേയായിരുന്നു നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായ എബിരാക്ഷനെ പോലിസ് കസ്റ്റഡിയിലെടുത്തത്.
എബിരാക്ഷനടക്കം അഞ്ച് കുട്ടികള്‍ പതുകുളങ്ങരയില്‍ ട്യൂഷന്‍ അധ്യാപകന്റെ കീഴില്‍ രാത്രികാല ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ തൃത്തല്ലുരില്‍ വെച്ച് പെട്രോള്‍ കഴിഞ്ഞു. തുടര്‍ന്ന് ബൈക്ക് തള്ളിവരുന്നതിനിടെ അന്‍ നൂര്‍ ഐടിസിക്കടുത്ത് വെച്ച് പോലിസെത്തി. ഇതു കണ്ട് ഭയന്ന വിദ്യാര്‍ഥികളില്‍ എബിരാക്ഷന്‍ ഒഴികെയുള്ളവര്‍ ഓടി. തുടര്‍ന്ന് എബിരാക്ഷനെ കസ്റ്റഡിയിലെടുത്ത പോലിസ് ജീപ്പില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് കഴുത്തിലെ മാല വലിച്ചു പൊട്ടിച്ച പോലിസ് തല പുറത്തേക്ക് തള്ളി പിടിച്ചാണ് കൊണ്ടു പോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിന്നീട് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. അവിടെ വെച്ച് എബിരാക്ഷന് മര്‍ദ്ദനമേറ്റെന്ന് കണ്ട പിതാവ് രാജു ഇക്കാര്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ രാജു മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് 2000 രൂപ പിഴയടക്കാനാണ് പോലിസ് പറഞ്ഞത്. എബിരാക്ഷന്റെ പിതാവ് രാജുവിനെ പിന്നീട് സ്റ്റേഷനിലെത്തിയ എഎസ്‌ഐ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എബിരാഷനെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതെല്ലാം കാണിച്ചാണ് രാജുവിന്റെ ഭാര്യ സനിത എസ്പി, ഡിവൈഎസ്പി, സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് വീട്ടുകാര്‍. സ്‌റ്റേഷനില്‍ കൂടിനില്‍ക്കുന്ന ആളുകളുടെ മുമ്പില്‍ വെച്ച് തങ്ങളെ ആക്ഷേപിച്ച എഎസ്‌ഐ തോമസിനും മറ്റു പോലിസുകാര്‍ക്കുമെതിരേ നടപടി സ്വീകരിക്കും വരെ നിയമപോരാട്ടം നടത്താനാണ് എബിരാഷന്റെ മാതാപിതാക്കളുടെ തീരുമാനം.
ദലിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി.
Next Story

RELATED STORIES

Share it