ദലിത് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തി പഞ്ചായത്ത് സ്‌കൂള്‍

ദലിത് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തി പഞ്ചായത്ത് സ്‌കൂള്‍
X
GOVT-dalit

മധുര: ദലിത് വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്തി പഞ്ചായത്ത് സ്‌കൂള്‍. മധുര ജില്ലയിലെ കരുവിതുറൈ ഗ്രാമത്തിലെ ഏക പ്രൈമറി വിദ്യാലയമായ പഞ്ചായത്ത് യൂനിയന്‍ പ്രൈമറി സ്‌കൂളിലാണ് ആദിവാസി ദ്രാവിഡ കോളനിയിലെ ദലിത് കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നത്.
സ്‌കൂളിലെ സവര്‍ണ വിദ്യാര്‍ഥികളുടെയും ഗ്രാമീണരുടെയും മോശമായ പെരുമാറ്റമാണ് ദലിതരെ സ്‌കൂളില്‍ നിന്ന് അകറ്റിയത്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ അടുത്ത പഞ്ചായത്തായ മന്നാടിമംഗലത്തുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാനാണ് ഗ്രാമീണര്‍ ദലിതരോടാവശ്യപ്പെട്ടിരുന്നത്. ഏതാനും കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് പ്രധാന റോഡുകളിലൂടെ പോവാനും ദലിത് വിദ്യാര്‍ഥികളെ അവര്‍ അനുവദിച്ചിരുന്നില്ല. കാട്ടുപ്രദേശത്തു കൂടിയുള്ള വഴിയാണ് അവര്‍ ദലിതര്‍ക്ക് അനുവദിച്ചിരുന്നതെന്നും ഗ്രാമത്തിലെ ബാര്‍ബര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദൂരെയുള്ള ഷോളവന്തന്‍ പട്ടണത്തില്‍ പോയാണ് താന്‍ മുടിവെട്ടിയതെന്നും ദലിത് യുവാവായ സതീഷ് പറഞ്ഞു.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല ദലിത് ജീവനക്കാ ര്‍ക്കും ഭ്രഷ്ട് കല്‍പിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന പാണ്ഡിയേശ്വരി പറഞ്ഞത് അവര്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളെ അനുവദിക്കാറില്ലെന്നാണ്. സ്‌കൂളില്‍ കായികമല്‍സരം നടക്കുമ്പോള്‍ പോലും സവര്‍ണ ഹിന്ദു വിദ്യാര്‍ഥികളും തങ്ങളും തമ്മില്‍ നോക്കുകപോലും ചെയ്യാറില്ലന്ന് പത്താം ക്ലാസ് ദലിത് വിദ്യാര്‍ഥിയായ പാണ്ഡ്യരാജ് പറഞ്ഞു.
എന്നാല്‍, സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് യൂനിയന്‍ നേതാവ്എം കര്‍ണന്‍ പറയുന്നത്. രണ്ടു സ്‌കൂളുകളിലും ഒരേ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ചില അജ്ഞാത കാരണങ്ങളാലാണ് പഞ്ചായത്ത് സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥികള്‍ ചേരാത്തത്.
കഴിഞ്ഞ മാസം നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂളിലെ പാചകത്തൊഴിലാളിയെ മാറ്റണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ ശരിയായി ഭക്ഷണം തയ്യാറാക്കുന്നില്ലെന്നാണ് അവരുടെ പരാതിയെന്ന് കര്‍ണന്‍ പറഞ്ഞു. കഴിഞ്ഞ മാസം ചില ദലിത് യുവാക്കള്‍ ഒരു തമിഴ് സിനിമയിലെ ഗാനം ഉച്ചഭാഷിണി ഉപയോഗിച്ച് പാടിയതിനെ തുടര്‍ന്നാണ് ദലിതരും സവര്‍ണരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it