ദലിത് യുവതിയുടെ ആത്മഹത്യാ ശ്രമം; എംഎല്‍എയുടെ മൊഴിയെടുപ്പ് വൈകും

തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് യുവതി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യക്കുമെതിരായ കേസില്‍ പോലിസ് നടപടികള്‍ തുടങ്ങി. ഇരുവര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
തലശ്ശേരി ഡിവൈഎസ്പി ഷാജു പോളിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കേസിനാസ്പദമായ ചാനല്‍ ചര്‍ച്ച സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കു പോലിസ് നോട്ടീസ് നല്‍കും. രണ്ടു ചാനലുകളിലെ പ്രോഗ്രാമുകളിലാണ് മോശം പരാമര്‍ശം നടത്തിയതെന്നാണു യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വീഡിയോ ക്ലിപ്പ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ മേധാവികള്‍ക്കും നോട്ടീസ് നല്‍കും.
പൊതുശല്യം എന്ന വാക്കാണ് യുവതിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണു പോലിസ് നിഗമനം. ഏത് സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കിടെ ഇത്തരം പരാമര്‍ശം നടത്തിയതെന്നും ഈ സമയത്ത് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള മാനസികാവസ്ഥയാണോ പരാതിക്കാരിയില്‍ ഉണ്ടായതെന്നും മനശ്ശാസ്ത്ര വിദഗ്ധരുള്‍പ്പെടെയുള്ള സംഘം പരിശോധിക്കും. ഇതിനായി ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയില്‍നിന്നു വീണ്ടും വിശദമായ മൊഴിയെടുക്കും. ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ കുടുംബപരമായ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കും. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചശേഷം കുറ്റക്കാരാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ എ എന്‍ ഷംസീര്‍ എംഎല്‍എയില്‍ നിന്നും പി പി ദിവ്യയില്‍ നിന്നും മൊഴിയെടുക്കുകയുള്ളൂ.
അതേസമയം, കുട്ടിമാക്കൂല്‍ സംഭവത്തില്‍ ദലിത് കുടുംബത്തെ അക്രമിച്ച സിപിഎം ക്രിമിനലുകളോ, നീതിബോധമില്ലാതെ പ്രവര്‍ത്തിച്ച പോലിസോ അല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it