ദലിത് യുവതികളുടെ അറസ്റ്റ: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി;  ജയിലില്‍ പോയതു ജാമ്യമെടുക്കാത്തതിനാലെന്നു മുഖ്യമന്ത്രി 

തിരുവനന്തപുരം: തലശ്ശേരി കുട്ടിമാക്കൂലില്‍ രണ്ടു ദലിത് യുവതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെ സി ജോസഫാണ് 14ാം കേരള നിയമസഭയുടെ ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനു കീഴില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു സുരക്ഷിതത്വമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
യുവതികളെ ജയിലിലടച്ച സംഭവം പൊതുസമൂഹത്തിലും ദലിത് വിഭാഗത്തിലും ആശങ്കയുണ്ടാക്കി. ഈ ജനാധിപത്യധ്വംസനത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഇങ്ങനെയൊരു വിഷയം വളരെ ലാഘവത്തോടെ മുഖ്യമന്ത്രി കൈകാര്യംചെയ്തത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും പോലിസ് ലംഘിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാലാണ് യുവതികള്‍ക്കു ജയിലിലേക്കു പോവേണ്ടിവന്നത്. ജാമ്യാപേക്ഷ നല്‍കിയിട്ടും കോടതി സ്വീകരിച്ചില്ലെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.
എന്നാല്‍, നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ട ഗൗരവം സംഭവത്തിനില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടിനല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജാമ്യമെടുക്കാന്‍ തയ്യാറാവാത്തതുകൊണ്ടാണ് യുവതികള്‍ ജയിലില്‍ പോവേണ്ടിവന്നത്. കോടതിയില്‍ ജാമ്യം ആവശ്യപ്പെട്ടിരുന്നില്ല. രണ്ടുദിവസത്തിനു ശേഷമാണ് ജാമ്യത്തിലെടുക്കാന്‍ ആള്‍ക്കാരെത്തിയത്. പോലിസ് ചോദ്യചെയ്യാന്‍ വിളിക്കുമ്പോള്‍ കുട്ടി കൂടെയില്ലായിരുന്നു. പിന്നീട് ജയിലിലേക്കു പോവുന്നതിനിടയില്‍ അച്ഛന്‍ കുഞ്ഞിനെ കൊണ്ടുവന്ന് കൊടുക്കുകയായിരുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു യാതൊരു അരക്ഷിതാവസ്ഥയും നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഭാഷയിലല്ല, പഴയ പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയിലാണു പിണറായി വിജയന്‍ സംസാരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തലശ്ശേരി സംഭവത്തെക്കുറിച്ച് പോലിസിനോട് ചോദിക്കാനായിരുന്നു പിണറായിയുടെ പ്രതികരണം. കേരളത്തില്‍ പോലിസ് രാജാണോ നടക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it