thiruvananthapuram local

ദലിത്, മുസ്‌ലിം വേട്ട: ഇമാംസ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്ന രീതിയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഫാഷിസ്റ്റുകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പണ്ഡിത ധര്‍ണ സംഘടിപ്പിച്ചു.
ഇഷ്ടമുളളത് ഭക്ഷിക്കാനും എഴുതാനും സംസാരിക്കാനും മൗലികാവകാശമുള്ള രാജ്യത്ത് ഭരണഘടനാ തത്വങ്ങളെപോലും വലിച്ചെറിഞ്ഞ് ഒരു കൂട്ടം അക്രമികള്‍ പൗരന്റെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. ഇവരെ കൈയാമംവെച്ച് കല്‍തുറുങ്കിലടക്കുന്നതില്‍ ഭരണകൂടം കാണിക്കുന്ന അപകടകരമായ മൗനം രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്നു. ദേശദ്രോഹ വിധ്വംസക പ്രവര്‍ത്തകരെ സൃഷ്ടിച്ചെടുക്കാനുള്ള ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് തന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വസ്ഥ ജീവിതവും നല്ലദിനങ്ങളും വരാനിക്കുന്നെന്ന മുദ്രാവാക്യവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അക്രമങ്ങളില്‍ 10 ശതമാനം വര്‍ധനവുണ്ടായി. 750ഓളം ദലിതുകള്‍ കൊല്ലപ്പെട്ടു.
ഈ രീതിയില്‍ ഫാഷിസ്റ്റ് ഭീതി പടര്‍ന്നുപിടിച്ചിട്ടും പൗരാവകാശം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പ്രധാനമന്ത്രി കുറ്റകൃത്യങ്ങളെ അപലപിക്കാന്‍പോലും തയ്യാറാവുന്നില്ലെന്നത് ജനാതിപത്യ സംവിധാനത്തിനെതിരാണെന്നും ധര്‍ണ വിലയിരുത്തി. ധര്‍ണ കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ മമ്പഈ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മൗലവി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, അംബേദ്കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കമലാസനന്‍, അജിത് നന്തന്‍കോട്, ഇബ്രാഹിം മൗലവി, അഫ്‌സല്‍ ഖാസിമി സംസാരിച്ചു.
Next Story

RELATED STORIES

Share it