ദലിത് ബാലന്റെ മരണം: എസ്‌ഐടി രൂപീകരിച്ചു

സോനിപ്പത്ത്: ഹരിയാനയിലെ ഗൊഹാനയില്‍ 15കാരനായ ഗോവിന്ദ് എന്ന ദലിത് ബാലന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് (എസ്‌ഐടി) രൂപം നല്‍കി. പോലിസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. ഇതിനിടെയാണ് കേസന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത്.
ദേവിപുര ഗ്രാമത്തില്‍ നിന്ന് പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഗോവിന്ദിനെ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ബാലന്‍ തൂങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്ന് പോലിസ് പറഞ്ഞു.
പോലിസ് ഐജി(റോഹതക് റേഞ്ച്) ശ്രീകാന്ത് ജാദവിന്റെ നിര്‍ദേശ പ്രകാരമാണ് തുടരന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചത്. റോഹ്തക് പോലിസിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അമിത് ഭാട്ടിയക്കാണ് അന്വേഷണച്ചുമതല.
ബാലന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഗൊഹാനയില്‍ ഉടലെടുത്ത സംഘര്‍ഷം പോലിസ് നിയന്ത്രണവിധേയമാക്കി. രണ്ട് അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരേ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ പട്ടികജാതി/വര്‍ഗ കമ്മീഷന്റെ നിര്‍ദേശാനുസരണം വേറെയും കേസെടുത്തു.
നഷ്ടപരിഹാരവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it