ദലിത് കുടുംബത്തെ ജീവനോടെ കത്തിച്ചു


ഫരീദാബാദ്: ഹരിയാനയില്‍ ദലിത് കുടുംബത്തിന്റെ വീടിനു തീയിട്ടതിനെത്തുടര്‍ന്ന് രണ്ടു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഡല്‍ഹിക്കടുത്ത് ഫരീദാബാദ് ബല്ലഭ്ഗഡ് സുന്‍പദ് ഗ്രാമത്തിലാണ് സംഭവം.
നാലു പേരടങ്ങിയ കുടുംബം അകത്തുണ്ടായിരിക്കെ രജ്പുത് വിഭാഗത്തില്‍പ്പെട്ട പത്തോളം പുരുഷന്മാര്‍ പെട്രോള്‍ ഒഴിച്ച് വീടിനു തീകൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ പത്തു മാസവും രണ്ടു വയസ്സും പ്രായമുള്ള വൈഭവ്, ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മാതാപിതാക്കള്‍ ജിതേന്ദറും രേഖയും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു കുരുന്നുകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ ഒളിവിലാണ്.
പ്രദേശത്ത് കഴിഞ്ഞ വര്‍ഷം രജ്പുത് വിഭാഗത്തില്‍പ്പെട്ട മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 11 പേരെ പോലിസ് അറസ്റ്റ് ചെയ്തതില്‍ ജിതേന്ദറിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു കാരണം ഇതിലുള്ള പ്രതികാരമാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് പോലിസ് സാന്നിധ്യമുണ്ടായിരുന്നിട്ടും ആക്രമണം നടന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശം കനത്ത പോലിസ് കാവലിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിനെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും രാജ്‌നാഥ് സിങ് ഖട്ടാറിനോട് ആവശ്യപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഹരിയാന സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കുടുംബത്തിന് ഖട്ടാര്‍ 20 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it