ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം; പ്രക്ഷോഭം ശക്തമാക്കാന്‍ ദലിത് മഹാപഞ്ചായത്തില്‍ തീരുമാനം

ന്യൂഡല്‍ഹി: ജാതിയുടെ പേരിലുള്ള പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ ഹരിയാനയിലെ ദലിത് മഹാപഞ്ചായത്തില്‍ തീരുമാനം. ഡല്‍ഹിക്കടുത്ത് ബല്ലഭ്ഗഡില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഫരീദാബാദിന് പുറമെ ഗുഡ്ഗാവ്, മേവാത്, സോനിപത് എന്നീ ജില്ലകളില്‍നിന്നുള്ള ദലിതുകളാണ് പങ്കെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഹരിയാനയില്‍ ഒരു ദലിത് കുടുംബത്തിന്റെ വീടിന് തീക്കൊളുത്തുകയും സംഭവത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സമുദായത്തിന്റെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഹരജി നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രധാനമായും ബിഎസ്പിയില്‍പ്പെട്ട ദലിത് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ ഹിന്ദുമതം വിടുന്നതിനെക്കുറിച്ചും ജാതിസമ്പ്രദായമില്ലാത്ത ഏതെങ്കിലും മതം സ്വീകരിക്കുന്നതിനെക്കുറിച്ചും ദലിതുകള്‍ ചര്‍ച്ചചെയ്‌തെന്നും റിപോര്‍ട്ടുകളുണ്ട്.
കുഞ്ഞുങ്ങളെ തീയിട്ടുകൊന്നവര്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന നടത്തിയതിനുകൂടി കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
ദലിതുകള്‍ക്കെതിരായി രജ്പുതുകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ പോലിസിനും പങ്കുണ്ടെന്നും പ്രതികളെ രക്ഷിക്കാന്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസുകാരെ കൂടി സിബിഐ ചോദ്യംചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിനിടെ, സുന്‍പെദിലെ അക്രമത്തെക്കുറിച്ചുള്ള ഹരിയാന ഫോറന്‍സിക് സംഘത്തിന്റെ റിപോര്‍ട്ട് പുറത്തുവന്നു. തീ ഉണ്ടായിരിക്കുന്നത് വീടിനകത്തുനിന്നു തന്നെയാണെന്നും പുറത്തുനിന്നല്ലെന്നുമുള്ള നിഗമനത്തിലാണ് സ്ഥലം സന്ദര്‍ശിച്ച സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. കുടുംബം കിടന്ന കട്ടിലിന് അടിയില്‍നിന്നു പാതികത്തിയ നിലയില്‍ മണ്ണെണ്ണ ബോട്ടില്‍ സംഘം കണ്ടെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it