ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന കേസ് സിബിഐക്ക്

മുഹമ്മദ് സാബിത്

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിന്റെ വീടിനു തീയിട്ട് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന സംഭവം സിബിഐ അന്വേഷിക്കും. ഇരകളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് അമിത് ആര്യ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ പുരന്‍ചന്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ഫരീദാബാദ് ബല്ലഭ്ഗഡ് സുന്‍പദ് ഗ്രാമത്തില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശം ഇന്നലെ വ്യാപകമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. സംഭവത്തില്‍ സിബിഐയോ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലോ അന്വേഷണം വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വെന്തുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളോളം ഡല്‍ഹി-ആഗ്ര ദേശീയപാത ഇവര്‍ ഉപരോധിച്ചു. ഉപരോധം പോലിസ് അവസാനിപ്പിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.
അതിനിടെ കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ജിതേന്ദറിനെയും ബന്ധുക്കളെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പാവങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഇതു പ്രധാനമന്ത്രി, മുഖ്യമന്ത്രി, ബിജെപി, ആര്‍എസ്എസ് എന്നിവര്‍ പൊതുവായി പങ്കുവയ്ക്കുന്ന മനോഭാവമാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയല്ലേ എന്ന ഒരു റിപോര്‍ട്ടറുടെ ചോദ്യം രാഹുലിനെ ക്ഷുഭിതനാക്കി. ഈ ചോദ്യം അവഹേളിക്കുന്നത് തന്നെയല്ലെന്നും ഈ ജനങ്ങളെയാണെന്നും ആക്രമിക്കപ്പെട്ട കുടുംബത്തെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു.
എന്നാല്‍, സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്നീട് തീരുമാനം മാറ്റി. ചൊവ്വാഴ്ചയാണ് മേല്‍ജാതിക്കാര്‍ ദലിത് കുടുംബത്തിനു തീവച്ചതിനെ തുടര്‍ന്ന് രണ്ടു വയസ്സും പത്തു മാസവും പ്രായമായ കുഞ്ഞുങ്ങള്‍ വെന്തുമരിച്ചത്. മാതാപിതാക്കള്‍ ചികില്‍സയിലാണ്. സംഭവം നടക്കുമ്പോള്‍ സുരക്ഷാ ചുമതലയുണ്ടായിരുന്നവരില്‍ എട്ടു പോലിസുകാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. 11 പേര്‍ക്കെതിരേ കേസെടുത്ത പോലിസ് നാലു പേരെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it