ദലിത് എഴുത്തുകാരനെതിരേ ഹിന്ദുത്വ ആക്രമണം

ബംഗളൂരു: ദലിത് വിഭാഗത്തില്‍പ്പെട്ട യുവ എഴുത്തുകാരനെ ബംഗളൂരുവില്‍ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള പുസ്തകമെഴുതിയ 23കാരനായ ജേണലിസം വിദ്യാര്‍ഥി ഹുച്ചംഗി പ്രസാദിനെയാണ് പത്തു പേരടങ്ങുന്ന അജ്ഞാതസംഘം മര്‍ദ്ദിച്ചത്. എഴുത്തുതുടര്‍ന്നാല്‍ കൈവിരലുകള്‍ മുറിച്ചുകളയുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. യുവാവ് താമസിക്കുന്ന പട്ടികജാതി ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രിയെത്തിയ അക്രമി സംഘം അമ്മയ്ക്കു സുഖമില്ലെന്ന് അറിയിച്ച് യുവാവിനെ പുറത്തിറക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഹിന്ദുയിസത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ എഴുതിയാല്‍ കൈവിരലുകള്‍ മുറിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
അക്രമികള്‍ മുഖത്തേക്ക് കുങ്കുമപ്പൊടി വിതറിയെന്നും പ്രസാദ് പറഞ്ഞു. മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങള്‍ കാരണമാണ് താന്‍ ദലിതനായി പിറന്നതെന്ന് അക്രമികള്‍ പറഞ്ഞതായും അദ്ദേഹം പോലിസിനോട് പറഞ്ഞു. പ്രസാദിന്റെ പരാതിയില്‍ പത്ത് അജ്ഞാതരുടെ പേരില്‍ കേസെടുത്തു.
Next Story

RELATED STORIES

Share it