thiruvananthapuram local

ദര്‍ശനാവട്ടം ശ്രീശങ്കരനാരായണ സ്വാമീക്ഷേത്രത്തില്‍ കവര്‍ച്ച

കിളിമാനൂര്‍: നഗരൂര്‍ ആല്‍ത്തറമൂട് ദര്‍ശനാവട്ടം ശ്രീശങ്കരനാരായണ സ്വാമീ ക്ഷേത്രത്തില്‍ കവര്‍ച്ച. സ്റ്റോര്‍ റുമും ഓഫിസും പ്രവര്‍ത്തിക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിച്ചതായാണ് പരാതി.
ആറു മാസത്തിനുള്ളില്‍ രണ്ടാംതവണ നടക്കുന്ന മോഷണമാണിത്. രാവിലെ ആറുമണിയോടെ നടതുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണം വിവരം ഭാരവാഹികളെ അറിയിച്ചത്. മൈക്ക് സെറ്റിന്റെ വിവിധ ആംപ്ലിഫയര്‍ യൂനിറ്റുകള്‍, ഡിവിഡി പ്ലെയര്‍, വിലയേറിയ നിരവധി വെങ്കലാപാത്രങ്ങള്‍, നിരവധി സ്വര്‍ണപൊട്ടുകള്‍, തൂക്കുവിളക്കുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിനു പുറത്തും ക്ഷേത്രത്തിലേക്കുള്ള വഴിയിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളും തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. കാണിക്കവഞ്ചി തകര്‍ത്തുള്ള മോഷണം ഇവിടെ നിത്യസംഭവമായിട്ടുണ്ടെന്ന് നാട്ടുകാര്‍ക്കും ഭക്തര്‍ക്കും പരാതിയുണ്ട്. സമാനമായ മോഷണം ആറുമാസങ്ങള്‍ക്ക് മുമ്പ് അരങ്ങേറിയിട്ടും പോലിസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ നടപടികളുണ്ടായില്ലെന്നും ഭക്തര്‍ ആരോപിക്കുന്നു. മുമ്പും സ്വര്‍ണപ്പൊട്ടുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഒരു ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്.
ക്ഷേത്രം സ്ഥിതിചെയ്യുന്ന ആല്‍ത്തറമൂട് ജങ്ഷനും പരിസരപ്രദേശങ്ങളും അക്രമിസംഘങ്ങളുടേയും ലഹരിമാഫിയകളുടേയും താവളമായിമാറിയിട്ടും സ്ഥലത്ത് വേണ്ടത്ര പട്രോളിങ് നടത്താന്‍ പോലിസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ക്ഷേത്രത്തില്‍ സ്ഥിരമായി നടക്കുന്ന മോഷണത്തെതുടര്‍ന്ന് ഭാരവാഹികളും ഭക്തരും നാട്ടുകാരും പരിഭ്രാന്തിയിലാണ്. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തില്‍ നടന്ന മോഷണസംഘത്തെക്കുറിച്ച് വ്യക്തമായ സൂചനലഭിച്ചതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it