ദയാവധം നിയമമാക്കല്‍: കേന്ദ്രം പൊതുജനാഭിപ്രായം ശേഖരിക്കുന്നു

ന്യൂഡല്‍ഹി: ദയാവധം നിയമമാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുന്നു. ഇതിനായി ടെര്‍മിനലി ഇല്‍ പേഷ്യന്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് പേഷ്യന്‍സ് ആന്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ്) ബില്ലിന്റെ കരട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ദയാവധം സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ുമശൈ്‌ലലൗവേമിമശെമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 19നു മുമ്പ് അയക്കണമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സുനില്‍കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും കേന്ദ്രം തേടി.
ആക്റ്റീവ് യുതനേഷ്യ, പാസ്സീവ് യുതനേഷ്യ എന്നിങ്ങനെ രണ്ടുതരം ദയാവധമാണുള്ളത്. ഒരുനിലയ്ക്കും ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗികളെ മരുന്ന് കുത്തിവച്ച് വേദനരഹിതമായ രീതിയില്‍ മരണത്തിന് വിട്ടുകൊടുക്കുന്നതാണ് ആക്റ്റീവ് യുതനേഷ്യ. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കിടക്കുകയും ജീവിതത്തിലേക്കു മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്ത രോഗികളുടെ ചികില്‍സയും ജീവന്‍രക്ഷാ ഉപകരണവും നീക്കി അവരെ മരണത്തിനു വിടുന്ന രീതിയാണ് പാസ്സീവ് യുതനേഷ്യ. കോടതിയുടെ നിയമബലം ഉള്ള ഈ രണ്ടാമത്തെ രീതിയാണ് സര്‍ക്കാര്‍ നിമയമമാക്കാന്‍ ശ്രമിക്കുന്നത്.
ചികില്‍സ നിര്‍ത്തിവയ്ക്കുന്നതുമൂലമുള്ള നിയമപ്രശ്‌നങ്ങളില്‍നിന്നു രോഗിക്കും ഡോക്ടര്‍ക്കും നിയമപരിരക്ഷ നല്‍കുന്ന ബില്ല്, ചികില്‍സ നിര്‍ത്തിവയ്ക്കുന്നതോടെ സാന്ത്വന പരിചരണം തുടരാനും നിര്‍ദേശിക്കുന്നു. ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രാലയം ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹത്തിനനുസരിച്ചു മരണത്തിന് വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിനുള്ള മറപടിയായാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ദയാവധം സംബന്ധിച്ച് വിദഗ്ധസമിതി ചില ചട്ടങ്ങളും വകുപ്പുകളും രൂപീകരിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നുവെങ്കിലും അതിന്റെ ദുരുപയോഗം ഭയന്ന് അതു നിയമമാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു.
ദയാവധം നിയമമാക്കുന്നതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ജീവിക്കാനുള്ള അവകാശംപോലെ തന്നെ പ്രധാനമാണ്, വേദന തിന്നു കഴിയുന്ന ഒരാള്‍ക്കു മരിക്കാനുള്ള അവകാശമെന്നുമാണ് ഹരജിക്കാരുടെ വാദം. 2002ല്‍ ലോക്‌സഭയില്‍ വന്ന സ്വകാര്യ ബില്ലിനെ തുടര്‍ന്നാണു ദയാവധം ചര്‍ച്ചയായത്.
Next Story

RELATED STORIES

Share it