ദയാബായിയെ ബസ്സില്‍നിന്ന് ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പ്രമുഖ സാമൂഹികപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസ്സില്‍നിന്ന് അപമാനിച്ചിറക്കിവിട്ട സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ എ യൂസഫ്, കണ്ടക്ടര്‍ കെ എന്‍ ശൈലന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കെഎസ്ആര്‍ടിസിയിലെ വിജിലന്‍സ് വിഭാഗം ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി.
അന്വേഷണ റിപോര്‍ട്ട് പാലക്കാട് ഡിപ്പോയ്ക്ക് കൈമാറി. റിപോര്‍ട്ട് ഗതാഗതവകുപ്പ് മന്ത്രിക്കും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്കും ഉടന്‍ കൈമാറും. തൃശൂര്‍-എറണാകുളം റൂട്ടിലെ ഫാസ്റ്റ് പാസഞ്ചറില്‍നിന്നാണ് ദയാബായിയെ ഇറക്കിവിട്ടത്. ഡ്രൈവര്‍ യൂസഫ്, കണ്ടക്ടര്‍ ശൈലന്‍ എന്നിവരില്‍നിന്നും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം മൊഴിയെടുത്തിരുന്നു.
തൃശൂരില്‍നിന്ന് ആലുവയിലേക്കുള്ള യാത്രാമധ്യേ ദയാബായി ആവശ്യപ്പെട്ട സ്റ്റോപ്പിലിറക്കാതെ മറ്റൊരു സ്റ്റോപ്പിലിറക്കിയതാണ് വിവാദമായത്.
ആലുവ ഗ്യാരേജ് സ്റ്റോപ്പിലിറങ്ങണമെന്നാവശ്യപ്പെട്ട ദയാബായിയെ അവിടെ ഇറക്കാതെ ആലുവ ജങ്ഷനപ്പുറത്തുള്ള വഴിയില്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സോഷ്യല്‍മീഡിയയില്‍ ദയാബായിയെ പിന്തുണച്ചും നടപടിയെ വിമര്‍ശിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. വിജിലന്‍സിന്റെ ചോദ്യംചെയ്യലില്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരമായ വീഴ്ചപറ്റിയെന്ന് ബോധ്യപ്പെട്ടതായി കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ എ ജോണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it