ദമാനിയ നിരാഹാരം തുടങ്ങി

മുംബൈ: മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്‌നാഥ് ഖദ്‌സയ്‌ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അഞ്ജലി ദമാനിയ നിരാഹാര സത്യഗ്രഹം തുടങ്ങി. അന്നാ ഹസാരെയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് അവര്‍ മുംബൈയില്‍ ആസാദ് മൈതാനത്ത് സമരം ആരംഭിച്ചത്.

ആറു മാസത്തിനുള്ളില്‍ ഏകനാഥ് ഖദ്‌സയ്‌ക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പുതന്നാല്‍ മാത്രമേ നിരാഹാര സമരത്തില്‍നിന്ന് പിന്‍വാങ്ങുകയുള്ളൂവെന്ന് ദമാനിയ പറഞ്ഞു. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പരിസരത്തു നിന്ന് നിരാഹാരസമര വേദി മാറ്റിയതെന്നും അവര്‍ അറിയിച്ചു. അതിനിടെ മുംബൈയിലെ ദാദര്‍, പറേല്‍ തുടങ്ങി അഞ്ചുസ്ഥലങ്ങളില്‍ ഖദ്‌സയ്‌ക്കെതിരേ സമരം സംഘടിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ മേനോന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നിവേദക സംഘം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it