World

ദക്ഷിണ സുദാനില്‍നിന്നുള്ള അക്രമികള്‍ 108 എത്യോപ്യന്‍ കുട്ടികളെ ബന്ദികളാക്കി

അദിസ് അബാബ: ദക്ഷിണ സുദാനുമായി അതിര്‍ത്തി പങ്കിടുന്ന എത്യോപ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ആയുധധാരികളുടെ ആക്രമണങ്ങളില്‍ മരണസംഖ്യ 208 ആയി. ദക്ഷിണ സുദാനില്‍ നിന്നുള്ള അക്രമികള്‍ 108 കുട്ടികളെ ബന്ദികളാക്കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 75ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എത്യോപ്യന്‍ സര്‍ക്കാര്‍ വക്താവ് ഗെതാച്യൂ റെഡ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 140 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേ പുറത്തുവിട്ട കണക്കുകള്‍. 2000ത്തോളം കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും എത്യോപ്യന്‍ പ്രതിരോധ മന്ത്രാലയം നടപടികളെടുത്തുവരുകയാണെന്നും ഗെതാച്യൂ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഗമ്പേല പ്രവിശ്യയിലാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ദക്ഷിണ സുദാനിലെ ആഭ്യന്തരസംഘര്‍ഷം മൂലം രാജ്യത്തു നിന്നോടിപ്പോന്ന 2,84,000ഓളം അഭയാര്‍ഥികള്‍ മേഖലയില്‍ തങ്ങുന്നുണ്ട്. 60 അക്രമികളെ കൊലപ്പെടുത്തിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണകാരികളെ തുരത്താന്‍ ആവശ്യമെങ്കില്‍ ദക്ഷിണ സുദാന്റെ അതിര്‍ത്തി ലംഘിക്കുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഗമ്പേലയില്‍ മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിര്‍ത്തിയിലെ കന്നുകാലി മോഷണമാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.
ദക്ഷിണ സുദാനിലെ ജോംഗ്‌ലേയി, അപ്പര്‍ നൈല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മുര്‍ലേ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ ആയുധങ്ങളുമായെത്തി മോഷണം നടത്തുന്നത് പതിവായിരുന്നു. എന്നാല്‍, സംഘര്‍ഷം രൂക്ഷമായിരുന്നില്ല. അതേസമയം, അക്രമികള്‍ക്ക് ദക്ഷിണ സുദാന്‍ സര്‍ക്കാര്‍ സൈന്യവുമായോ വിമത സംഘങ്ങളുമായോ ബന്ധമില്ലെന്നാണ് സൂചന. ദക്ഷിണ സുദാന്‍ സര്‍ക്കാര്‍ ഇതുവരെ സംഭവങ്ങളോട് പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it