ദക്ഷിണ കേരളം കടുത്ത മല്‍സരത്തിലേക്ക്; തലസ്ഥാനത്ത് യുഡിഎഫും കൊല്ലത്ത് എല്‍ഡിഎഫും പ്രതീക്ഷയില്‍

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ ദക്ഷിണ കേര ളം കടുത്ത മല്‍സരത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 30 മണ്ഡലങ്ങളില്‍ മിക്കതിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. അധികാരത്തിലെത്താ ന്‍ തെക്കന്‍ ജില്ലകളില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്നത് എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.
നിലവില്‍ യുഡിഎഫിന്റെ കൈവശം 13 സീറ്റുള്ളപ്പോള്‍ എല്‍ഡിഎഫിന് 17 എംഎല്‍എമാരുണ്ട്. തലസ്ഥാന ജില്ലയില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്നവര്‍ സംസ്ഥാനം ഭരിക്കുമെന്നതാണു ചരിത്രം. എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ തലസ്ഥാനത്ത് 2011ല്‍ 14ല്‍ എട്ട് സീറ്റും യുഡിഎഫ് പിടിച്ചു. പിന്നീടു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയും ഒപ്പമെത്തി. വര്‍ക്കല, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശ്ശാല, കാട്ടാക്കട, അരുവിക്കര, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവയായിരുന്ന യുഡിഎഫിനൊപ്പം നിന്നത്. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, കോവളം, നേമം മണ്ഡലങ്ങളാണ് എല്‍ഡിഎഫിനെ തുണച്ചത്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഫലം നോക്കിയാല്‍ എല്‍ഡിഎഫ് 11 മണ്ഡലത്തിലും യുഡിഎഫ് രണ്ടുമണ്ഡലത്തിലും ബിജെപി ഒരിടത്തും മുന്നിലാണ്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും ബിജെപി രണ്ടാംസ്ഥാനത്തെത്തി. ഈ രണ്ടിടത്തും എല്‍ഡിഎഫാണു മുന്നില്‍.
കരുത്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതോടെ ഇത്തവണ തിരുവനന്തപുരത്തെ അഞ്ച് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമല്‍സരമാണു നടക്കുന്നത്. ഇവയില്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ പോരാട്ടം പ്രവചനാതീതമാണ്. എല്‍ഡിഎഫിന്റെ കൈവശമുള്ള കോവളത്തും യുഡിഎഫിന്റെ കൈവശമുള്ള കാട്ടാക്കടയിലും ശക്തമായ മല്‍സരമാണു നടക്കുന്നത്. ബിഡിജെഎസിനെ കൂട്ടുപിടിച്ച ബിജെപി ഈ അഞ്ച് മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെടുന്നു. 2011ല്‍ നിര്‍ണായകശക്തിയായ എസ്ഡിപിഐ ഇത്തവണ മികച്ച മുന്നേറ്റമാണു പ്രതീക്ഷിക്കുന്നത്. എസ്ഡിപിഐ-എസ്പി സഖ്യം ആറ് മണ്ഡലങ്ങളിലാണ് ഇത്തവണ മല്‍സരിക്കുന്നത്. സാമുദായിക സമവാക്യങ്ങളും അടിയൊഴുക്കുകളും വിധിനിര്‍ണയിക്കുന്ന തലസ്ഥാനത്ത് കരുതലോടെയാണ് മുന്നണികള്‍ നീങ്ങുന്നത്.
എല്‍ഡിഎഫിന്റെ കോട്ടയായ കൊല്ലത്ത് ഇത്തവണ മുന്നണി സമവാക്യങ്ങള്‍ മാറിമറിഞ്ഞതോടെ പോരാട്ടത്തിനും വാശിയേറി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ എല്ലാ മുന്നണിമാറ്റങ്ങളും പ്രതിഫലിക്കുന്ന ജില്ലയാണ് കൊല്ലം. 11 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം എല്‍ഡിഎഫ് കൈവശം വയ്ക്കുമ്പോള്‍ ചവറ, ഇരവിപുരം മണ്ഡലങ്ങളിലാണ് യുഡിഎഫിന് എംഎല്‍എമാരുള്ളത്. ആര്‍എസ്പി യുഡിഎഫിലേക്കു കളംമാറുകയും കേരളാ കോണ്‍ഗ്രസ്(ബി) എല്‍ഡിഎഫിനൊപ്പം ചേരുകയും ചെയ്തതോടെ ഇത്തവണ മല്‍സരരംഗത്ത് വീറും വാശിയുമേറിയിട്ടുണ്ട്. ഇതിനിടെ യുഡിഎഫിലേക്കു പോയ ആര്‍എസ്പിയില്‍നിന്ന് എംഎല്‍എ ആയിരുന്ന കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എല്‍ഡിഎഫിലേക്ക് തിരികെയെത്തുകയും ചെയ്തു. പ്രചാരണത്തിന്റെ അന്തിമഘട്ടമെത്തിയതോടെ പത്തനാപുരം, കുന്നത്തൂര്‍, ചവറ, ഇരവിപുരം, കുണ്ടറ, കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങള്‍ കനത്ത മല്‍സരത്തിലേക്കാണു നീങ്ങുന്നത്.
കഴിഞ്ഞതവണ ജില്ലയില്‍ മികച്ച മുന്നേറ്റം നടത്തിയ എസ്ഡിപിഐ ഇത്തവണ എസ്പിയുമായി സഖ്യമുണ്ടാക്കി എട്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു. വോട്ടുവര്‍ധനവില്‍ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്ഡിപിഐ-എസ്പി സഖ്യം നിര്‍ണായകമാവുമെന്നാണു വിലയിരുത്തല്‍.
ഇത്തവണ 11 മണ്ഡലങ്ങളില്‍ 11ലും ജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. ഭേദപ്പെട്ട പ്രകടനത്തിലൂടെ കൊല്ലത്തെ സീറ്റുനിലയില്‍ പുരോഗതി നേടാനാവുമെന്ന് യുഡിഎഫ് വിലയിരുത്തിയപ്പോള്‍ വോട്ട് വര്‍ധിപ്പിക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രചാരണം ഫിനിഷിങ് പോയിന്റിലേക്ക് എത്തിയതോടെ പത്തനംതിട്ട ജില്ലയിലും മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. അഞ്ച് മണ്ഡലങ്ങളില്‍ ആറന്മുളയിലും റാന്നിയിലും വാശിയേറിയ പോരാട്ടമാണ്.
റാന്നിയില്‍ ബിഡിജെഎസ് സാന്നിധ്യം എല്‍ഡിഎഫിനു തലവേദനയാവുമ്പോള്‍ ആറന്മുളയില്‍ ബിജെപി നേടുന്ന വോട്ടുകള്‍ യുഡിഎഫിനു വെല്ലുവിളിയാവും. അടൂരിലും മല്‍സരം കടുക്കുമെന്നാണു വിലയിരുത്ത ല്‍. ആറന്മുളയില്‍ നേരിയ ആശങ്കയിലാണെങ്കിലും കോന്നിയി ല്‍ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. മന്ത്രി അടൂര്‍ പ്രകാശിനെതിരായ അഴിമതി ആരോപണങ്ങള്‍ കോന്നി മണ്ഡലത്തി ല്‍ ഫലം ചെയ്യുമെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിശ്വാസം. അടൂരിലെയും റാന്നിയിലെയും സ്ഥാനാര്‍ഥികളുടെ ജനസമ്മതിയും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതും ഗുണമാവുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. അഞ്ച് മണ്ഡലങ്ങളിലും എസ്ഡിപിഐ- എസ്പി സഖ്യം മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നിടത്ത് എല്‍ഡിഎഫ് ജയിച്ചിരുന്നു. എന്നാല്‍ ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മുന്നേറ്റമാണു പ്രകടമായത്.
Next Story

RELATED STORIES

Share it