ദക്ഷിണേഷ്യയില്‍ മാര്‍ച്ച് എട്ടിന് പൂര്‍ണ സൂര്യഗ്രഹണം: നാസ

വാഷിങ്ടണ്‍: മാര്‍ച്ച് എട്ടിന് ദക്ഷിണേഷ്യയിലാകമാനം പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുമെന്ന് നാസ. കേവലം ഒരു മിനിറ്റ് സമയമാണ് ദക്ഷിണേഷ്യയുടെ ഭാഗത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറച്ചുവയ്ക്കുകയെന്നാണ് നാസ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.
വളരെ അപൂര്‍വമായി മാത്രമേ ഇത്രയധികം ഭാഗത്ത് സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളു. ഇങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഭ്രമണപഥത്തില്‍ ചന്ദ്രന്‍ സൂര്യന്റെയും ഭൂമിയുടെയും ഇടയില്‍ വരുകയുള്ളു. ചന്ദ്രന്‍ സൂര്യനില്‍നിന്നുള്ള പ്രകാശത്തെ പൂര്‍ണമായും മറച്ചുകളയുന്നതിനാല്‍ ഭൂമിയില്‍ നിന്നു പ്രഭാവലയം മാത്രമേ ദൃശ്യമാവുകയുള്ളു.
8800 മൈല്‍ ദൂരത്തില്‍ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും 97 മൈല്‍ പ്രദേശത്തു മാത്രമാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുമ്പോഴുണ്ടാവുന്ന പ്രഭാവലയം ദൃശ്യമാവുകയുള്ളു. മറ്റു ഭാഗങ്ങളില്‍ വിവിധ അളവുകളിലുള്ള സൂര്യഗ്രഹണവും ദൃശ്യമാവും. ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ദക്ഷിണേഷ്യയുടെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞത് നാലു മിനിറ്റെങ്കിലും അനുഭവപ്പെടുമെന്നും നാസ കേന്ദ്രങ്ങള്‍ അറിയിച്ചു. 1860ലാണ് ആദ്യമായി ഇത്രയും കൂടുതല്‍ ഭാഗങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെട്ടതായി ഗോളശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it