Sports

ദക്ഷിണാഫ്രിക്ക ഇന്ത്യയെ അടിച്ചൊതുക്കി

ദക്ഷിണാഫ്രിക്ക ഇന്ത്യയെ അടിച്ചൊതുക്കി
X


South Africa’s captain A.B. de Villiers  celebrates his hundred runs during the final one-day international cricket match of a five-game series against India in Mumbai, India, Sunday, Oct. 25, 2015. (AP Photo/Rafiq Maqbool)

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിയൊതുക്കിയപ്പോള്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. ഇതാണ് ഇന്നലെ വാംഖഡെയില്‍ കണ്ട കാഴ്ച. ഒടുവില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയവും പരമ്പര നേട്ടവും (3-2) ഗംഭീരമായി ആഘോഷിച്ചു. ഫൈനലിന് സമാനമായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ 214 റണ്‍സിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക നാണംകെടുത്തിയത്. ട്വന്റിയ്ക്കു പുറമേ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ വാംഖഡെയുടെ ചരിത്ര മണ്ണില്‍ ഇന്ത്യ അടിയറവ്‌വച്ചു.

ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിന പരമ്പര നേട്ടം കൂടിയാണിത്. ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയും.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളര്‍മാരെ ഒരു മയവുമില്ലാതെ പ്രഹരിക്കുകയായിരുന്നു. ഫഫ് ഡുപ്ലെസിസ് 133 (115 പന്ത്, ഒമ്പത് ഫോര്‍, ആറു സിക്‌സര്‍), ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് 119 (61 പന്ത്, 11 സിക്‌സര്‍, മൂന്ന് ഫോര്‍), ക്വിന്റണ്‍ ഡികോക്ക് 109 (87 പന്ത്, 17 ഫോര്‍, ഒരു സിക്‌സര്‍) എന്നിവര്‍ സെഞ്ച്വറിയുമായി കത്തികയറിപ്പോള്‍ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 438 റണ്‍സ് പടുത്തുയര്‍ത്തി.

ഏകദിന ചരിത്രത്തിലെ നാലമത്തെയും ഇന്ത്യക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലുമാണിത്. ഏകദിനത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു കളിയില്‍ മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടുന്നത്. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്ക തന്നെയാണ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കക്കാരുടെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതല്‍ കൊണ്ടറിഞ്ഞത്.

10 ഓവറില്‍ 106 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമെന്ന നാണംകെട്ട റെക്കോഡിനവകാശിയായി. മറുപടിയില്‍ ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ 36 ഓവറില്‍ 224 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. അജിന്‍ക്യ രഹാനെ (87), ശിഖര്‍ ധവാന്‍ (60) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ തങ്ങളുടെ റെക്കോഡ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാണ്ട നാലും ഡെയ്ല്‍ സ്‌റ്റെയ്ന്‍ മൂന്നും ഇംറാന്‍ താഹിര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഡികോക്കിനെ കളിയിലെയും ഡിവില്ലിയേഴ്‌സിനെ പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it