ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

സെഞ്ചൂറിയന്‍: ഓപണര്‍മാരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. റണ്‍മഴ കണ്ട മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
ഒന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും (135) ഹാഷിം അംലയും (127) നേടിയ 239 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടാണ് നിര്‍ണായക മല്‍സരത്തില്‍ ആതിഥേയരെ വിജയത്തിലെത്തിച്ചത്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് ദക്ഷിണാഫ്രിക്ക കിരീട സാധ്യത നിലനിര്‍ത്തുകയും ചെയ്തു.
നേരത്തെ ആദ്യ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ മൂന്നാം ഏകദിനത്തില്‍ വിജയം അനിവാര്യമായി മാറുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോ റൂട്ട് (125) സെഞ്ച്വറിയുമായും അലെക്‌സ് ഹെയ്ല്‍സ് (65), ബെന്‍ സ്‌റ്റോക്‌സ് (53) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായും മിന്നിയപ്പോള്‍ നിശ്ചിത ഓവറില്‍ 318 റണ്‍സെന്ന മികച്ച സ്‌കോര്‍ സന്ദര്‍ശകര്‍ പടുത്തുയര്‍ത്തി. 113 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതാണ് റൂട്ടിന്റെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കെയ്ല്‍ അബോട്ടും കാഗിസോ റബാണ്ടയും രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
സെഞ്ചൂറിയന്‍ ഗ്രൗണ്ടിലെ റെക്കോഡ് റണ്‍ ചേസെന്ന ലക്ഷ്യവുമായാണ് മറുപടിയില്‍ ആതിഥേയര്‍ ബാറ്റിങിനിറങ്ങിയത്. എന്നാല്‍, ഡികോക്കും അംലയും തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നോട്ട് നയിച്ചപ്പോള്‍ 46.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു.
117 പന്തില്‍ 16 ബൗണ്ടറിയും നാല് സിക്‌സറും അടിച്ചാണ് ഡികോക്ക് കരിയറിലെ 10ാം ഏകദിന സെഞ്ച്വറി കണ്ടെത്തിയത്. 130 പന്തില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് അംലയുടെ ഇന്നിങ്‌സ്. താരത്തിന്റെ 22ാം ഏകദിന സെഞ്ച്വറിയാണിത്.
ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 239 റണ്‍സ് ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാമത്തെ മികച്ച കൂട്ടുകെട്ട് കൂടിയാണ്. ഡികോക്കാണ് മാന്‍ ഓഫ് ദി മാച്ച്.
പരമ്പരയിലെ നാലാം ഏകദിനം നാളെ ജൊഹാനസ്ബര്‍ഗില്‍ അരങ്ങേറും.
Next Story

RELATED STORIES

Share it