kozhikode local

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: മുന്നണികള്‍ മൗനത്തില്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പാര്‍ടികളും മുന്നണികളും മൗനത്തില്‍. സിപിഎമ്മിന്റെ ബൂത്തുതല സമിതികള്‍ കണക്കുകള്‍ മേല്‍കമ്മിറ്റികള്‍ക്കു സമര്‍പ്പിച്ചു കഴിഞ്ഞു. യുഡിഎഫ് കക്ഷികളും ബിജെപിയുമെല്ലാം അടിത്തട്ടിലെ സംഭവ വികാസങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തി കഴിഞ്ഞു. കനത്ത പോളിങ് നടന്നത് ഗുണമാവുമെന്നു മാത്രമാണ് എല്ലാ പാര്‍ടികളും പറയുന്നത്. ബീഫ് വിവാദത്തില്‍ വന്‍ പ്രചരണം നടത്തിയത് ന്യൂനപക്ഷ വോട്ട് ലഭിക്കാന്‍ കാരണമായെന്നാണ് എല്‍ഡിഎഫ് വിശ്വസിക്കുന്നത്. വിവിധ മുസ്‌ലീം ന്യൂനപക്ഷ സംഘടനകള്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ 2005ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.
അതേസമയം, 2010ലെ തിരഞ്ഞെടുപ്പിനേക്കാള്‍ നേട്ടം കൊയ്യുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. നാലുപതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് 2010ലുണ്ടായത്. 2005ല്‍ 55 വാര്‍ഡുകളില്‍ ഏഴില്‍മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ 75 വാര്‍ഡുകളില്‍ 34ലും ജയം നേടി. 2005ല്‍ 78 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒമ്പതില്‍മാത്രം വിജയിച്ച യുഡിഎഫ് 2010ല്‍ വന്‍ മുന്നേറ്റം നടത്തി. 2010ല്‍ 75 ഗ്രാമപ്പഞ്ചായത്തുകളില്‍ 38ല്‍ യുഡിഎഫും 34ല്‍ എല്‍ഡിഎഫും വിജയിച്ചു. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും ഭരണം നേടി. 2005ല്‍ ഒരു ബ്‌ളോക്ക് പഞ്ചായത്തില്‍പ്പോലും യുഡിഎഫ് ജയിച്ചിരുന്നില്ല.
വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രണ്ടുപഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം നേടി. ഒന്നില്‍ വിജയം ആര്‍എംപിക്കായിരുന്നു. വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ്. വിജയം ആവര്‍ത്തിച്ചു. ആരംഭകാലം മുതല്‍ എല്‍ഡിഎഫ്. ഭരിക്കുന്ന ജില്ലാപഞ്ചായത്തില്‍ കഴിഞ്ഞതവണ ഒരു അംഗത്തിന്റെ ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചത്. 2005ല്‍ പിന്നാക്കംപോയ യുഡിഎഫ് 2010ല്‍ നേട്ടമുണ്ടാക്കിയതിനുപിന്നില്‍ വിവിധ കാരണങ്ങളുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ജനത യുഡിഎഫിലേക്ക് മാറിയതാണ് ഒന്ന്. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ച് രംഗത്തിറങ്ങിയത് വടകരമേഖലയില്‍ സിപിഎമ്മിന് സൃഷ്ടിച്ച പ്രതിസന്ധിയാണ് രണ്ട്.
Next Story

RELATED STORIES

Share it