Kasaragod

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ആറു ബ്ലോക്ക് പഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആരവങ്ങള്‍ ഉയരുമ്പോള്‍ നിലമെച്ചപ്പെടുത്താന്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ശ്രമങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് താലൂക്കില്‍ ബി.ജെ.പിയും ആധിപത്യത്തിനായി രംഗത്തുണ്ട്. 38 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്. ജില്ലാപഞ്ചായത്തില്‍ നിലവില്‍ 16 വാര്‍ഡുകളാണുള്ളത്. ഇത് 17ആയി ഉയരും. ജില്ലാ കലക്്ടറേറ്റ് ഉള്‍ക്കൊള്ളുന്ന സിവില്‍ സ്റ്റേഷന്‍ ഡിവിഷനാണ് പുതുതായി രുപീകരിക്കുന്നത്. നിലവിലുള്ള പഞ്ചായത്തുകളില്‍ മൂന്നെണ്ണം ബി.ജെ.പിയും 17 എല്‍.ഡി.എഫും 18 യു.ഡി.എഫുമാണ് ഭരിക്കുന്നത്.

ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്ന് യു.ഡി.എഫും മൂന്ന് എല്‍.ഡി.എഫുമാണ്. മൂന്ന് നഗരസഭകളില്‍ രണ്ടെണ്ണം യു.ഡി.എഫും ഒരെണ്ണം എല്‍.ഡി.എഫും. ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫിനാണ്. മഞ്ചേശ്വരം, കുമ്പഡാജെ, മീഞ്ച, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള, ബദിയടുക്ക, എന്‍മകജെ, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമനാട്, അജാനൂര്‍, പുല്ലൂര്‍-പെരിയ, കള്ളാര്‍, ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. പുത്തിഗെ, ബെള്ളൂര്‍, ദേലമ്പാടി, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, ഉദുമ, പള്ളിക്കര, പനത്തടി, മടിക്കൈ, കയ്യൂര്‍-ചീമേനി, കോടോം-ബേളൂര്‍, ചെറുവത്തൂര്‍, വലിയപറമ്പ, പിലിക്കോട്, പടന്ന, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകള്‍ എല്‍.ഡി.എഫാണ് ഭരിക്കുന്നത്. അവിശ്വാസത്തെ തുടര്‍ന്ന് യു.ഡി.എഫിനുണ്ടായിരുന്ന വലിയപറമ്പ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ലഭിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകള്‍ യു.ഡി.എഫും നീലേശ്വരം എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ ബ്ലോക്ക് പഞ്ചായത്തുകള്‍ യു.ഡി.എഫും കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനുമാണ്. പൈവളിഗെ, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകള്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. മാറിയ പരിതസ്ഥിതിയില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ പിടിച്ചടക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഒരംഗത്തിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട മുളിയാര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വലിയപറമ്പ, പടന്ന പഞ്ചായത്ത് ഭരണങ്ങളും തങ്ങള്‍ പിടിച്ചടക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്ത് ഭരണം ഇപ്രാവശ്യം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളില്‍ വിശാലമതേതര സംഖ്യം രൂപീകരിക്കാന്‍ ഇരുമുന്നണികളും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

എസ്.ഡി.പി.ഐക്ക് ജില്ലയില്‍ ശക്തമായ അടിത്തറയുണ്ട്. മഞ്ചേശ്വരം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഒരു അംഗവുമുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി, പി.ഡി.പി, ഐ.എന്‍.എല്‍ എന്നിവയുടെ നിലപാടുകള്‍ ചില പഞ്ചായത്തുകളില്‍ ഇരുമുന്നണികളേയും ബാധിക്കും. കാറഡുക്ക, പൈവളിഗെ പഞ്ചായത്തുകളില്‍ ബി.ജെ.പിയും സി.പി.എമ്മുമാണ് നിലവില്‍ ഭരണം പങ്കിടുന്നത്. പുല്ലൂര്‍-പെരിയയില്‍ ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. ഇവിടെ 16അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് എട്ട്, എല്‍.ഡി.എഫ് എട്ട്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കാറഡുക്ക സര്‍വീസ് സഹകരണ ബാങ്കില്‍ യു.ഡി.എഫിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനായി ബി.ജെ.പിയും സി.പി.എമ്മും കൈകോര്‍ത്തിരുന്നു.

രണ്ട് ബി.ജെ.പി പ്രവര്‍ത്തകരായ വ്യാപാരികളെയാണ് സി.പി.എം പാനലില്‍ മല്‍സരിപ്പിച്ച് ഡയറക്ടര്‍മാരാക്കിയത്. കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍ പ്രസിഡന്റായാ ബാങ്കിലായിരുന്നു ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് വന്നത്. കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിലും ബി.ജെ.പി-യു.ഡി.എഫ് സഖ്യമുണ്ട്. വെള്ളരിക്കുണ്ടും, മഞ്ചേശ്വരവും ആസ്ഥാനമായി പുതിയ താലൂക്കുകള്‍ രൂപീകരിച്ചത് തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. സംസ്ഥാന ഭരണത്തിന്റെ വികസനവും തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മുസ്്‌ലിംലീഗ് ജില്ലാ കണ്‍വന്‍ഷന്‍ മൂന്നിന് കാസര്‍കോട് നടക്കുന്നുണ്ട്. സംസ്ഥാന നേതാക്കളും മന്ത്രിമാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും.

എല്‍.ഡി.എഫ് കുടുംബ യോഗങ്ങള്‍ വിളിച്ചുചേര്‍ത്താണ് തന്ത്രം മെനയുന്നത്. ബി.ജെ.പിയും തങ്ങളുടെ പോക്കറ്റില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. നേരത്തെ ആറ് പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഇപ്രാവശ്യം സമാന മനസ്‌കരുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാനുള്ള ശ്രമവും ബി.ജെ.പി നടത്തുന്നുണ്ട്. വിവിധ പാര്‍ട്ടികള്‍ പൊതുസ്വതന്ത്രരെ രംഗത്തിറക്കാനും നീക്കം നടത്തുന്നുണ്ട്. വനിതാ വാര്‍ഡുകളിലേക്ക് പൊതുസ്വതന്ത്രരായ വനിതകളേയും പാര്‍ട്ടികള്‍ പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് നിലവില്‍ ആറ്് അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ഒരംഗവും എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. എന്നാല്‍ ഡിവിഷനുകളുടെ വിഭജനത്തോടെ ഭരണ മാറ്റം വരുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it