Kollam Local

ത്രികോണ മല്‍സരത്തിന് കളമൊരുക്കി കരുനാഗപ്പള്ളി മണ്ഡലം

എം ആര്‍ നാദിര്‍ഷ

കരുനാഗപ്പള്ളി: സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും, പിടിച്ചെടുക്കുവാന്‍ യുഡിഎഫും, അട്ടിമറി നേട്ടത്തിന് എസ്ഡിപിഐയും പോരാട്ടത്തിനിറങ്ങിയതോടെ പോര്‍ക്കളമായി മാറുകയാണ് കരുനാഗപ്പള്ളി. പിഡിപിയും ബിഡിജെഎസും ശക്തിയറിക്കാനായി മല്‍സര രംഗത്തുണ്ട്. 203240 പേരാണ് 16ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിധിനിര്‍ണയിക്കാനൊരുങ്ങുന്നത്. 104888 പുരുഷ വോട്ടര്‍മാരും 98356 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടുന്ന ഇവിടെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുകളാണ് ഏറ്റവും കൂടുതല്‍ നിര്‍ണായകമാവുക.
ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, തൊടിയൂര്‍, തഴവ പഞ്ചായത്തുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ട മണ്ഡലമാണ് കരുനാഗപ്പള്ളി നിയമസഭാമണ്ഡലം.
കഴിഞ്ഞ രണ്ടുതവണ സി ദിവാകരന്‍ വിജയിച്ചുപോകുന്ന മണ്ഡലം നിലനിര്‍ത്താന്‍ സിപി ഐ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് ആര്‍ രാമചന്ദ്രനെയാണ്. മണ്ഡലം പിടിച്ചെടുക്കാനായി കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് സി ആര്‍ മഹേഷിനെയാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ എസ്ഡിപിഐ ഇത്തവണ ഇവിടെ മല്‍സരത്തിനിറക്കിയിരിക്കുന്നത് എ കെ സലാഹുദ്ദീനെയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ വി സദാശിവന്‍ പിഡിപി സ്ഥാനാര്‍ഥി മൈലക്കാട് ഷായും ബിഎസ്പിയിലെ ഗോപാലകൃഷ്ണന്‍, സ്വതന്ത്രനായി രാമചന്ദ്രന്‍ എന്നിവരാണ് മല്‍സര രംഗത്തുള്ള മറ്റ് സ്ഥാനാര്‍ഥികള്‍.
ഏഴുപേര്‍ ജനവിധി തേടുന്ന മണ്ഡലത്തിലെ പഞ്ചായത്തുകളായ ക്ലാപ്പന, ഓച്ചിറ എന്നിവ യുഡിഎഫും, തൊടിയൂര്‍, തഴവ, കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. മുന്നണികള്‍ ശക്തിയേറിയ പോരാട്ടമാണ് നിയോജക മണ്ഡലത്തില്‍ നടത്തുന്നത്. കൊടുംചൂട് അവഗണിച്ച് സ്ഥാനാര്‍ഥിയുടേയും അഭ്യര്‍ഥനകളുമായി വീടുകള്‍ കയറിയുള്ള ബൂത്ത് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പ്രധാന കക്ഷികള്‍ക്ക് ഭീഷണിയാകുംവിധമാണ് എസ്ഡിപിഐയുടെയും ബിഡിജെഎസ്സിന്റെയും, പിഡിപിയുടേയും പ്രവര്‍ത്തനം. 25 വര്‍ഷത്തിനുശേഷം ആദ്യമായി ലഭിക്കുന്ന കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കുവാന്‍ വേണ്ടി വീറും വാശിയിലുമാണ് യുഡിഎഫ്. കോണ്‍ഗ്രസ്സിലെ യുവനേതാവ് സി ആര്‍ മഹേഷ് ബിരുദധാരിയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. യുവജനക്ഷേമ ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മുന്‍ തഴവ പഞ്ചായത്ത് മെംബറുമായിരുന്നു. സിപിഐയിലെ ആര്‍ രാമചന്ദ്രന്‍ മുന്‍ സിഡ്‌കോ ചെയര്‍മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, സി അച്യുതമേനോന്‍ ഹോസ്പിറ്റല്‍ ഭരണസമിതി പ്രസിഡന്റ്, സിപിഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ രാമചന്ദ്രന്‍ പ്രവര്‍ത്തിക്കുന്നു.
എ കെ സലാഹുദ്ദീന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് ചുവട് വയ്ക്കുന്നത്. വര്‍ക്കല മന്നാനിയ കോളജില്‍ വിദ്യാര്‍ഥി സമാജം യൂനിറ്റ് സെക്രട്ടറിയായിരുന്നു. 1997ല്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിയംഗമായിരിക്കെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. എന്‍ഡിഎഫിന്റെ ജില്ലാ ജോയിന്റ് കണ്‍വീനര്‍, ജില്ലാ കണ്‍വീനര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. എസ്ഡിപിഐ രൂപീകരണ കാലത്ത് കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. 2011-13 കാലത്ത് ജില്ലാ പ്രസിഡന്റുമായി. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റിയംഗമായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം സംസ്ഥാന സെക്രട്ടറിയുമായി. കഴിഞ്ഞ പാര്‍ലമെന്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയുമായിരുന്നു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി വി സദാശിവന്‍. പിഡിപി സംസ്ഥാന നേതാവാണ് മൈലക്കാട് ഷാ.
യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍, മണ്ഡലം കണ്‍വന്‍ഷനുകള്‍, ബൂത്ത് കണ്‍വന്‍ഷനുകള്‍ എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ്‌ചെന്നിത്തല, അബ്ദുള്‍സമദ് സമദാനി വിവിധ മേഖലകളില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. സി ആര്‍.മഹേഷിന്റെ സ്വീകരണ പരിപാടി തഴവ പാവുമ്പ, കുലശേഖരപുരം, ഓച്ചിറ, ക്ലാപ്പന മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. നാളെയും മറ്റന്നാളുമായി തൊടിയൂരും, എട്ട്, ഒമ്പത് തിയ്യതികളില്‍ കരുനാഗപ്പള്ളിയിലും നടക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുഡിഎഫിന്റെ ഭരണ തുടര്‍ച്ചയും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിവരുന്നത്.
പതിറ്റാണ്ടുകളായി തങ്ങളുടെ കൈയിലുള്ള സീറ്റ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ്. നടത്തിവരുന്നത്. ഭരണ പരാജയവും ബാര്‍കോഴയും സരിത വിഷയവും അഴിമതിയും എല്‍ഡിഎഫ് പ്രധാന പ്രചരണ ആയുധമാക്കുന്നത്. മണ്ഡലം കണ്‍വന്‍ഷന്‍, പഞ്ചായത്ത്തല കണ്‍വന്‍, ബൂത്ത്തല കണ്‍വന്‍ഷനും പൂര്‍ത്തിയായിവരുന്നു. പ്രചരണത്തിന് പന്ന്യന്‍ രവീന്ദ്രനും വി എസ് അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും വിവിധ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, വൈക്കം വിശ്വന്‍, ഷാഹിദാ കമാല്‍, ഏഴാച്ചേരി രാമചന്ദ്രന്‍ വിവിധ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും. ഓച്ചിറ, കുലശേഖരപുരം, ക്ലാപ്പന, ആലപ്പാട്, കരുനാഗപ്പള്ളി മേഖലകളില്‍ സ്ഥാനാര്‍ഥിയ്ക്ക് സ്വീകരണം നല്‍കി. തഴവയും, തൊടിയൂരിലെ ഒരു ഭാഗത്ത് ഇന്ന് നടക്കും.
എസ്ഡിപിഐ സ്ഥാനാര്‍ഥി എ കെ സലാഹുദ്ദീന്റെ പ്രചാരണത്തിന്റെ ഭാഗമായി നേതൃത്വ ക്ലാസ്സും സ്ഥാനാര്‍ഥി സംഗമവും നടന്നു. എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബേക്കര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ മൂവാറ്റുപുഴ അഷറഫ് മൗലവി പങ്കെടുത്തു. മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കുടുംബസംഗമങ്ങള്‍ നടന്നുവരുന്നു. മൂന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ സ്വീകരണ പരിപാടികള്‍ ആരംഭിക്കും. യുഡിഎഫിന്റെ ഭരണ പരാജയവും എല്‍ഡിഎഫും, യുഡിഎഫും നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് ഭരണവും അഴിമതിയും സ്വജനപക്ഷപാദവും വര്‍ഗ്ഗീയതയും കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ പീഢനങ്ങളും വര്‍ഗ്ഗീയ പ്രീണന നയവും മുഖ്യ വിഷയമാക്കിയാണ് പ്രചാരണം. പ്രചരണ പരിപാടികള്‍ക്ക് മണ്ഡലം പ്രസിഡന്റ് കെഎസ്പുരം ഷാജി, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നാസ്സര്‍ തോപ്പില്‍ വടക്കതില്‍, ജനറല്‍ കണ്‍വീനര്‍ റഷീദ് വട്ടപറമ്പ്, മണ്ഡലം സെക്രട്ടറി സജീവ് കൊച്ചാലൂംമൂട്, മുനീര്‍ ചെട്ടിയത്ത്മുക്ക് നേതൃത്വം നല്‍കുന്നു.
Next Story

RELATED STORIES

Share it