Most popular

ത്രിംബകേശ്വര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ വനിതകള്‍ പ്രവേശിച്ചു

നാസിക്: ത്രിംബകേശ്വര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ സ്ത്രീകള്‍ പ്രാര്‍ഥന നടത്തി. പോലിസ് സംരക്ഷണത്തോടെ നാല് സ്ത്രീകളാണ് വ്യാഴാഴ്ച ദര്‍ശനം നടത്തിയത്. ബുധനാഴ്ച ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ കൈയേറ്റത്തിനിരയായിരുന്നു. വനിതാ ഗുട്ടെയുടെ നേതൃത്വത്തില്‍ എത്തിയ പൂനെയിലെ സ്വരാജ്യ മഹിളാസംഘടനയുടെ പ്രവര്‍ത്തകരാണ് ശ്രീകോവിലില്‍ കടന്നത്. ശിവക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ തൊഴാനായതില്‍ സന്തോഷമുണ്ടെന്ന് ഗുട്ടെ പറഞ്ഞു. വനിതകള്‍ എത്തുന്നതിനു മുമ്പ് ക്ഷേത്രത്തില്‍ പോലിസ് സംഘത്തെ വിന്യസിച്ചിരുന്നു. ബുധനാഴ്ച വനിതകളെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്്. ഏപ്രില്‍ 14ന് ക്ഷേത്രത്തില്‍ കയറാനുള്ള വനിതകളുടെ ശ്രമവും ക്ഷേത്രട്രസ്റ്റ് അംഗങ്ങളും പൂജാരിമാരും തടഞ്ഞിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഗ്രാമീണര്‍ക്കു നേരെ നടന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാസിക് നഗരത്തില്‍ ഇന്നലെ ബന്ദ് ആചരിച്ചു. മിക്ക കടകളും അടഞ്ഞുകിടന്നു. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് ത്രിംബകേശ്വര്‍ ദേവസ്ഥാന്‍ ട്രസ്റ്റ് നേരത്തേ അനുവാദം നല്‍കിയിരുന്നു. വനിതകള്‍ ദര്‍ശന സമയത്ത് നനഞ്ഞ പരുത്തി/ പട്ട് വസ്ത്രം ധരിക്കണമെന്നായിരുന്നു ഉപാധി. വ്യാഴാഴ്ച പട്ട് സാരികള്‍ ധരിച്ചാണ് സ്ത്രീകള്‍ ശ്രീകോവിലില്‍ കയറിയത്. നേരത്തേ അഹമ്ദ് നഗര്‍ ജില്ലയിലെ ശനി ശിംഗ്്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പ്രവേശനാനുമതി. ഇതോടെയാണ് മറ്റു ക്ഷേത്രങ്ങളിലും വനിതകള്‍ക്ക് വിലക്ക് നീക്കാന്‍ സമ്മര്‍ദ്ദമേറിയത്.
Next Story

RELATED STORIES

Share it