malappuram local

തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല: എ വിജയരാഘവന്‍

മലപ്പുറം: തോല്‍വിയില്‍ നിന്നു പാഠം പഠിക്കാന്‍ തയ്യാറാവാത്തതാണ് കോണ്‍ഗ്രസ്സിനെ കേരളത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം മലപ്പുറം നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുമായി യുഡിഎഫ് സന്ധി നടത്തിയത് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വന്‍ തിരിച്ചടിക്ക് കാരണമായി. എന്നാല്‍, ഇപ്പോഴും വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.
അഴിമതി നടത്തുന്നവര്‍ കസേരയിലുണ്ടാവില്ലെന്ന് പറയാന്‍ ആര്‍ജ്ജവമുള്ള മന്ത്രിമാരാണ് എല്‍ഡിഎഫ് സര്‍ക്കാരിലുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നടന്നതൊന്നും എല്‍ഡിഎഫ് ഭരണകാലത്തുണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിന് വഴിവിളക്കാവേണ്ടത് ജീവനക്കാരാണ്.യുഡിഎഫ് ഭരണത്തില്‍ ഏതെങ്കിലും മേഖലയില്‍ പുരോഗതി ഉണ്ടായതായി അവര്‍ക്ക് പറയാന്‍ കഴിയില്ല.— പ്രതിപക്ഷസ്ഥാനം ഉമ്മന്‍ചാണ്ടിക്ക് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും പറയേണ്ടി വന്നു. സംസ്ഥാനത്ത് ഒരു സീറ്റ് കിട്ടിയതിന്റെ ബലത്തില്‍ സിപിഎമ്മിനെതിരേ അക്രമം അഴിച്ചുവിടാമെന്ന ധാരണയിലാണ് സംഘപരിവാരെന്നും അദ്ദേഹം അരോപിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചു. നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും നടന്നു.
Next Story

RELATED STORIES

Share it