Kerala

തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ്സില്‍  പൊട്ടിത്തെറി
X
congress flag fly

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. വോട്ടുമറിക്കല്‍ ആരോപണങ്ങളും നേതൃനിരയിലെ പ്രശ്‌നങ്ങളും രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിന് കെപിസിസി നിര്‍വാഹകസമിതി 23നു യോഗംചേരും. ഇതിനു മുമ്പേ പരസ്പരം വിമര്‍ശിച്ചും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയും നേതാക്കള്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്.
[related]പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, പത്മജാ വേണുഗോപാല്‍, കെ മുരളീധരന്‍, കെ ബാബു എന്നിവരാണു നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന പരോക്ഷ സൂചനയുമായി വി ഡി സതീശന്‍ രംഗത്തെത്തി. നേതൃനിരയില്‍ യോജിപ്പില്ലാത്തതാണു കേരളത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചതെന്നു സതീശന്‍ ആരോപിച്ചു. വര്‍ഗീയതയ്‌ക്കെതിരായ മൃദുസമീപനവും ഭരണവിരുദ്ധവികാരം തിരിച്ചറിയാന്‍ വൈകിയതും തിരിച്ചടിയായി. സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങള്‍ പലതും തിരിച്ചടിയായി. പാര്‍ട്ടിയോഗങ്ങളില്‍ തെറ്റു ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പരിഹസിക്കപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ചില നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്നും പത്മജ വേണുഗോപാല്‍ ആരോപിച്ചു. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ല. സി എന്‍ ബാലകൃഷ്ണന്‍ വന്നത് ഒരുദിവസം മാത്രമാണ്. എന്റെ കൂടെ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതിനല്‍കുമെന്നും പത്മജ പറഞ്ഞു. എന്നാല്‍, തോല്‍വിയുടെ കാരണം ആരുടെയും തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും കുറ്റപ്പെടുത്തല്‍ തോല്‍വിയിലുള്ള വിഷമംകൊണ്ടാണെന്നുമായിരുന്നു ഇതിനോടുള്ള സി എന്‍ ബാലകൃഷ്ണന്റെ മറുപടി.
പാര്‍ട്ടിക്കു വേണ്ടാത്ത സ്ഥാനാര്‍ഥി എന്ന പ്രചാരണമാണു തന്റെ തോല്‍വിക്കു കാരണമായതെന്ന് കെ ബാബു തുറന്നടിച്ചു. തനിക്കെതിരേ ഉയര്‍ന്നത് രാഷ്ട്രീയ ആരോപണങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടാത്ത സ്ഥാനാര്‍ഥിയെന്ന പ്രചാരണം ബിജെപിയും എല്‍ഡിഎഫും ഒരുപോലെ നടത്തിയെന്നും ബാബു ആരോപിച്ചു.
അതേസമയം, പാര്‍ട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. വര്‍ഗീയതയെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളുടെ തലയില്‍ കെട്ടിവയ്ക്കുന്നതിനോടു യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ്സിലുണ്ടാവാന്‍പോവുന്ന പൊട്ടിത്തെറിയുടെ ആദ്യസൂചനയാണു മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഇതോടെ തിങ്കളാഴ്ച ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവും പ്രക്ഷുബ്ധമാവുമെന്നാണു സൂചന.
Next Story

RELATED STORIES

Share it