തോറ്റ വനിതാ സ്ഥാനാര്‍ഥികളെ ആക്രമിച്ചവരെ ശിക്ഷിക്കണം: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥികളെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവങ്ങളെ കേരള വനിതാ കമ്മീഷന്‍ അപലപിച്ചു. ആപല്‍ക്കരമായ ഈ പ്രവണത തുടക്കത്തിലേ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പെരുങ്കടവിള ബ്ലോക്കിലെ കൊല്ലയില്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എല്‍ സതികുമാരിയാണു കൈയേറ്റത്തിന് ഇരയായത്. അജ്ഞാതസംഘം ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി ബലപ്രയോഗത്തിലൂടെ ഇവരുടെ മുടി മുറിക്കുകയായിരുന്നു. ഡിസിസി മെംബറും നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും മദ്യവിരുദ്ധപ്രവര്‍ത്തകയും ആയിരുന്നു സതികുമാരി. നാട്ടിലെ അറിയപ്പെടുന്ന നേതാക്കള്‍ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്താണു സുരക്ഷയെന്നും കമ്മീഷന്‍ ചോദിച്ചു.
കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലും വിജയാഹ്ലാദ പ്രകടനം നടത്തിയ ചിലര്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെയും സ്ത്രീത്വത്തെയാകെയും അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിരുന്നു.
പുരുഷസ്ഥാനാര്‍ഥികള്‍ പോലും അപമാനിക്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാത്ത തരത്തില്‍ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it