kozhikode local

തോട്ടഭൂമിയിലെ ഖനനം: മൈസൂര്‍ മലയില്‍ റവന്യൂ സംഘം പരിശോധന നടത്തി

മുക്കം: ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവനുവദിച്ച തോട്ട ഭൂമി കൈമാറ്റം നടത്തി വ്യാപകമായതോതില്‍ കരിങ്കല്‍ ഖനനം നടത്തുന്നതായി പരാതി ഉയര്‍ന്ന മൈസൂര്‍ മല ഫാത്തിമ എസ്‌റ്റേറ്റ്, പൂനൂര്‍ പൊയില്‍ പ്രദേശങ്ങളില്‍ തഹസില്‍ദാര്‍ റോഷ്‌നി നാരായണന്റെ നേതൃത്വത്തിലുള്ള റവന്യൂ, പഞ്ചായത്ത് സംഘം പരിശോധന നടത്തി.
തോട്ടഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്തിലെ കിഴക്കന്‍ മലയോരത്ത് മാസങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഭൂനികുതി അടക്കുന്നതിനും, കൈവശരേഖ ലഭിക്കുന്നതിനും മാര്‍ഗമില്ലാതെ ജനങ്ങള്‍ പ്രയാസത്തിലാണ്. എന്നാല്‍ ഇതിനിടയിലും പ്രദേശത്ത് കരിങ്കല്‍ ഖനനം നിര്‍ബാധം നടക്കുന്നതായി ചൂണ്ടികാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് റവന്യൂ സംഘത്തിന്റെ പരിശോധന. കെഎല്‍ആര്‍ആക്ട് 1963 സെക്ഷന്‍ 81 പ്രകാരം ഇളവനുവദിച്ച തോട്ട ഭൂമി വ്യാപകമായി കൈമാറ്റം നടത്തി തരം മാറ്റി മൈസൂര്‍ മല പാറത്തോട് ഭാഗങ്ങളില്‍ കരിങ്കല്‍ ഖനനം നടക്കുന്നതായി ചൂണ്ടി കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുന്നേ ജില്ലാ ഭരണകൂടത്തിന് പരാതി നല്കിയിരുന്നു.ഇതിന്റെ ഭാഗമായി ഡി.ഡി.പി.ഐ.മൈനിംഗ് ആന്റ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ,വിജിലന്‍സ് ,ജില്ലാ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി ,വില്ലേജ് ഓഫീസര്‍ എന്നീ വരടങ്ങിയ സംഘം പ്രദേശം സന്ദര്‍ശിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇത്തരത്തില്‍ നടപടി യുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കിയത്.രാവിലെ പതിനൊന്നരയോടെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. രണ്ട് ദിവസത്തിനകം കലക്ടര്‍ക്ക് പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ സംഘം കൂടുതല്‍ പ്രതികരിച്ചില്ല. അതേ സമയം പരിശോധന പ്രഹസനമായെന്ന് ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.അന്വേഷണസംഘത്തിന്റെ വരവ് ക്വാറി ഉടമകള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഇന്നലെ ക്വാറികളുടെ പ്രവര്‍ത്തനം തന്ത്രപരമായി നിര്‍ത്തിവെക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഘത്തില്‍ വിജിലന്‍സ് പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതും സംശയകരമാണെന്നും അവര്‍ വ്യക്തമാക്കി, ഇതിനിടെ അന്വേഷണ സംഘം മടങ്ങിയ ഉടനെ ചില ക്വാറികളില്‍ കല്ല് പൊട്ടിച്ചതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it