thrissur local

തോട്ടം തൊഴിലാളികളുടെ തൊഴില്‍  ഭാരം വര്‍ധിപ്പിച്ചതായി ആക്ഷേപം

പുതുക്കാട്: തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധനവിനൊപ്പം തൊഴില്‍ ഭാരവും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പ്രതിഷേധം ശക്തമാകുന്നു. 2015 ജൂലൈ മാസം മുതലുള്ള ശമ്പള വര്‍ധനവാണ് മുന്‍കാല പ്രാബല്ല്യത്തോടെ ഉത്തരവിറക്കിയിരിക്കുന്നത്.
എന്നാല്‍ 350 മരം ടാപ്പ് ചെയ്തിരുന്ന ഓരോ തൊഴിലാളികളു 50 മരം കൂടുതലായി ടാപ്പ് ചെയ്യണമെന്നും ഉത്തരവില്‍ പറുന്നു. തൊഴിലാളികള്‍ ഉന്നയിച്ചിരുന്ന മറ്റ് ആനുകൂല്യങ്ങളിലും വര്‍ധനവ് ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച തോട്ടം തൊഴിലാളികളുടെ സമരം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നു. കൂലിഭാരം വര്‍ധിപ്പിക്കാതെ ശമ്പളം വര്‍ധിപ്പിക്കാം എന്ന ഉറപ്പായിരുന്ന സര്‍ക്കാരും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് ജോലി ഭാരം വര്‍ധിപ്പിച്ചിരിക്കുന്നത്. മാനേജ്‌മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. എഐടിയുസിയുടെ നേതൃത്വത്തില്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ച് പാലപ്പിള്ളിയില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ബിനോയ് ഞെരിഞ്ഞാംപ്പിള്ളി, അഡ്വ. എം എ ജോയി, കുരുക്കള്‍ കുഞ്ഞുമുഹമ്മദ്, കെ എ അഷറഫ്, കെ കെ ഹരി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it