wayanad local

തോട്ടംമേഖലയുടെ സ്വീകരണം ഏറ്റുവാങ്ങി അഡ്വ. കെ എ അയ്യൂബ്

മേപ്പാടി: എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി അഡ്വ. കെ എ അയ്യൂബിന് തോട്ടംതൊഴിലാളികളുടെ ഊഷ്മള വരവേല്‍പ്പ്. തോട്ടംമേഖലയില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ഥിക്ക് മുമ്പാകെ തൊഴിലാളികള്‍ ആവലാതികള്‍ നിരത്തി.
മാറിമാറി വരുന്ന ഭരണക്കാര്‍ തോട്ടംമേഖലയെ അവഗണിക്കുന്ന സാഹചര്യം തുടരാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം സ്ഥാനാര്‍ഥിക്ക് മുന്നിലെത്തിയ തൊഴിലാളികളില്‍ പ്രകടമായിരുന്നു.
ശോച്യമായ എസ്‌റ്റേറ്റ് പാടികള്‍, പകലന്തിയോളം പണിയെടുത്താലും ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥ, മേഖലയിലെ അരക്ഷിതാവസ്ഥ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പരാതികളാണ് സ്ഥാനാര്‍ഥിക്ക് മുമ്പാകെ തൊഴിലാളികള്‍ നിരത്തിയത്.
ഇതിനൊരു പരിഹാരം ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുണ്ടാവുമെന്ന പ്രതീക്ഷ അവര്‍ പങ്കുവച്ചു. അഡ്വ. അയ്യൂബിന്റെ പര്യടനം ഇന്നലെ രാവിലെ വടുവന്‍ചാലില്‍ തുടങ്ങി.
നെടുങ്കരണ, അരമംഗലംചാല്‍, പുതിയപാടി, പുതുക്കാട്, തലക്കല്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടു കണ്ട സ്ഥാനാര്‍ഥി റിപ്പണില്‍ പര്യടനം അവസാനിപ്പിച്ചു.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് കരീം മുട്ടില്‍, ജനറല്‍ സെക്രട്ടറി സുബൈര്‍ കല്‍പ്പറ്റ, മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍, ജാഫര്‍, നൗഷാദ്, അസീസ്, മുഹമ്മദ്കുട്ടി, ഉസാമത്ത്, ഷമീര്‍ തുടങ്ങി നിരവധി പേര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
അയ്യൂബിന്റെ ഇന്നത്തെ പര്യടനം മേപ്പാടി ഗ്രാമപ്പഞ്ചായത്തിലാണ്. രാവിലെ ഒമ്പതിന് മേപ്പാടി ടൗണില്‍ തുടക്കം.
തുടര്‍ന്ന് മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, ചുളിക്ക, ചെമ്പോത്തറ, നെടുമ്പാല, മുക്കില്‍പീടിക എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ട് ആറിന് മേപ്പാടി ടൗണില്‍ സമാപനം.
Next Story

RELATED STORIES

Share it